തിരുവനന്തപുരം: പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം കൊയ്ത്തൂർകോണം യുപി സ്കൂളിന് എതിർവശത്ത് മണികണ്ഠൻ ഭവനിൽ തങ്കമണിയെയാണ് (69) ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പിന്നാലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ തൗഫീഖ് മുൻപ് പോക്സോ കേസിലുൾപ്പെടെ പ്രതിയാണ്. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ നടന്നുപോകുന്നത് കാണാം.
തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങൾ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവർ പറയുന്നു. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാൻ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തങ്കമണിയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മൽ നഷ്ടപ്പെട്ടു. കൂടാതെ അവർ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.