പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറക്കാൻ തീരുമാനമായത്.
എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണ്. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിലയ്ക്കൽ ,പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബാത്ത് റൂം, ടോയിലറ്റ്, യൂറിനൽ സൗകര്യങ്ങൾ, ബയോ ടോയ്ലറ്റുകൾ എന്നിവ തീർത്ഥാടകർ എത്തുന്ന ഇടങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലായിടങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. യഥാസമയം വൈദ്യസഹായം ലഭ്യമാക്കുന്നു. അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടത്ത് ക്യൂ കോംപ്ലെക്സിൽ ദേവസ്വം ബോർഡ് ആരംഭിച്ച ഡയനാമിക് ക്യൂ സിസ്റ്റം പൂർണ്ണമായും പ്രവർത്തിച്ചു വരുന്നുവെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും ഭക്തർക്ക് ഡയനാമിക് ക്യൂ സിസ്റ്റം അനുഗ്രഹമായി മാറുകയാണെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പറഞ്ഞു. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊലീസിന് ഭക്തജനതിരക്ക് നിയന്ത്രിക്കാൻ പുതിയ ക്യൂ സിസ്റ്റം സഹായകരമായി. ചുക്കുവെള്ളം, ബിസ്ക്കറ്റ് ഇവയൊക്കെ എല്ലാ ക്യൂ കോംപ്ലെക്സുകളും ഭക്തർക്ക് യഥേഷ്ടം നൽകി വരുന്നു. നടപ്പന്തലിലും കുടിവെള്ള വിതരണവും ബിസ്ക്കറ്റ് വിതരണവും ഭക്തർക്ക് ആശ്വാസം പകരുന്നുണ്ട്. പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തർക്ക് നല്ല രീതിയിൽ അയ്യപ്പ ദർശനം സാധ്യമാകുന്നുണ്ട്. ഭക്തർക്കായി മൂന്നു നേരവും അന്നദാനവും നൽകുന്നുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് എല്ലാ തരത്തിലും അയ്യപ്പ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിക്കൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
Kanam Rajendran Passes Away | കാനം രാജേന്ദ്രൻ അന്തരിച്ചു | CPI State Secretary | Asianet News Live
Last Updated Dec 9, 2023, 9:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]