‘വിന്റര്‍ ബ്ലൂസ്’ എന്ന പ്രയോഗം പലരും കേട്ടിരിക്കാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ‘വിന്റര്‍’ അഥവാ മഞ്ഞുകാലത്ത് നേരിടുന്നൊരു പ്രശ്നമാണിത്. മഞ്ഞുകാലത്ത് ചിലര്‍ക്ക് ഉണ്ടാകുന്ന ‘അകാരണമായ വിഷമം’, ‘വിഷാദം’, അലസത എല്ലാം ഇതിന്റെ ഭാഗമാണെന്ന് പറയാം. എന്തുകൊണ്ടാണ് ഈ കാലാവസ്ഥയില്‍ ഇങ്ങനെയുള്ള പ്രയാസങ്ങള്‍ നേരിടുന്നത്?
ഇത് നേരത്തേ സൂചിപ്പിച്ചത് പോലെ ‘അകാരണം’ അല്ലെന്നതാണ് സത്യം. മഞ്ഞുകാലത്ത് പകലിന്റെ ദൈര്‍ഘ്യം കുറയുന്നതോ സൂര്യപ്രകാശം കുറഞ്ഞിരിക്കുന്നതോ മൂലം ശരീരത്തിന്റെ ജൈവക്ലോക്കിന്റെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരുന്നു. അതായത് സമയം, ഓരോ സമയത്തും ശരീരം ചെയ്യുന്ന കാര്യങ്ങള്‍ എന്നിവ മാറിമറിയുന്നു. ഇത് അധികവും വെളിച്ചവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനാല്‍ തന്നെ മഞ്ഞുകാലത്തെ ‘ബ്ലൂസ്’ മറികടക്കാനുള്ള ഒറ്റമൂലി വെളിച്ചമാണെന്ന് തന്നെ പറയാം.
എന്തായാലും മഞ്ഞുകാലത്ത് നേരിടുന്ന ഇത്തരത്തിലുള്ള നിരാശകളെ അതിജീവിക്കാനും ഉന്മേഷത്തോടെയിരിക്കാനും സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ലൈറ്റ് തെറാപ്പി…
വെളിച്ചം ധാരാളമായി കൊള്ളുക. എന്നുവച്ചാല്‍- പകല്‍സമയത്തെ നാച്വറല്‍ വെളിച്ചമോ അല്ലെങ്കില്‍ കെട്ടിടത്തിനകത്തെ വെളിച്ചമോ തുടര്‍ച്ചയായി കൊള്ളുക. ദിവസവും സൂര്യപ്രകാശം നിര്‍ബന്ധമായും ഏല്ക്കേണ്ടതാണ്. ലൈറ്റ് തെറാപ്പി ചെയ്യുന്നതിന് നിലവില്‍ ലൈറ്റ്ബോക്സ് പോലുള്ള സംവിധാനങ്ങളും ലഭ്യമാണ്.
വ്യായാമം…
ദിവസവും അര മണിക്കൂര്‍ സമയമെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കുന്നതും മഞ്ഞുകാലത്തെ നിരാശ മറികടക്കാൻ ചെയ്യാവുന്നതാണ്. നടത്തം, നീന്തല്‍, ജിമ്മിലെ വര്‍ക്കൗട്ട് എല്ലാം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. അകത്ത് വച്ച് ചെയ്യാവുന്ന യോഗ പോലുള്ള പ്രാക്ടീസുകളും ആകാം. നൃത്തം ചെയ്യുന്നത് വരെ വ്യായാമമായി കണക്കാക്കാവുന്നതാണ്.
പുറത്തുപോകുന്നത്…
തണുപ്പുകാലങ്ങളില്‍ കൂടുതല്‍ പേരും വീടിനകത്തോ കെട്ടിടങ്ങള്‍ക്കകത്തോ തന്നെ കൂടാറുണ്ട്. എന്നാലിതും മഞ്ഞുകാലത്തെ അലസതയെയും മടുപ്പിനെയും വര്‍ധിപ്പിക്കും. അതിനാല്‍ ബോധപൂര്‍വം തന്നെ ദിവസത്തില്‍ അല്പസമയം പുറത്ത് ചിലവിടുക.
ഭക്ഷണം…
ആരോഗ്യകരമായൊരു ഭക്ഷണരീതി പിന്തുടരുന്നതും മഞ്ഞുകാലത്ത് ഉന്മേഷവും സന്തോഷവും വര്‍ധിപ്പിക്കാൻ സഹായിക്കും. ബാലൻസ്ഡ് ആയി, എല്ലാ പോഷകങ്ങളും ലഭിക്കുന്ന തരത്തിലൊരു ഡയറ്റാണ് പിന്തുടരേണ്ടത്. മത്സ്യം, വാള്‍നട്ട്സ്, ഫ്ലാക്സ് സീഡ്സ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ‘മൂഡ്’ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
ബന്ധങ്ങള്‍…
സൗഹൃദങ്ങള്‍, സമൂഹികമായ ബന്ധങ്ങള്‍ എല്ലാം സജീവമായി കൊണ്ടുപോകുന്നതും ‘വിന്റര്‍ ബ്ലൂസ്’ മറികടക്കാൻ നല്ലതാണ്. സുഹൃത്തുക്കളുമായി ഒന്നിച്ചിരിക്കുക, ആരോഗ്യകരമായ സംഭാഷണങ്ങള്‍, കായികവിനോദങ്ങള്‍ എല്ലാം വളരെ നല്ലതാണ്.
ചിട്ട…
കഴിയുന്നതും ‘മൂഡ്’ പ്രശ്നങ്ങള്‍ പതിവാകുമ്പോള്‍ ദൈനംദിന ജീവിതത്തില്‍ ചിട്ട പാലിക്കുന്നത് വളരെ നല്ലതാണ്. ഇത് വലിയൊരു പരിധി വരെ ‘വിന്റര്‍ ബ്ലൂസ്’ പരിഹരിച്ചുതരും.
പ്രൊഫഷണല്‍ ഹെല്പ്…
നിങ്ങള്‍ക്ക് സ്വയം മെച്ചപ്പെടുത്താൻ കഴിയുന്നില്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടേണ്ട സാഹര്യം വരികയാണെങ്കില്‍ അത് തേടാൻ മടിക്കരുത്. ഇതും വളരെ പ്രധാനമാണ്. പലര്‍ക്കും പ്രൊഫഷണല്‍ സഹായം തേടുന്നതില്‍ നാണക്കേടോ അപകര്‍ഷതയോ തോന്നാറുണ്ട്. നമ്മള് നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കി, അതിന് കൃത്യമായ നിര്‍ദേശങ്ങളോ പരിഹാരങ്ങളോ നല്കുന്നതില് വിദഗ്ധര്ക്കുണ്ടാകുന്ന കഴിവ് പ്രത്യേകം തന്നെയാണ്.
Also Read:- ബിപി കുറഞ്ഞാല്‍ വീട്ടില്‍ വച്ച് നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]