
പാലക്കാട്: മതവിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ പോലീസ് സർക്കിൾ ഇൻസ്പെകടറെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി കാലടി സ്വദേശി പ്രിയ നിവാസിൽ വി കെ പ്രഭാകരൻ ആണ് അറസ്റ്റിലായത്. തിരുമിറ്റക്കോട് പഞ്ചായത്തിൽ വെള്ളടിക്കുന്നിലെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട് മത സൗഹാർദ്ദം തകർക്കുന്ന തരത്തിൽ ലഘുലേഖ പ്രചരിപ്പിച്ചതിന് പിന്നിൽ പ്രഭാകരനാണെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
ഡി വൈ എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ എടപ്പാളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി സി സി ടി വി ദൃശ്യങ്ങളും ഫോൺകാൾ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്. ലഘുലേഖ പ്രചരിപ്പിച്ചതിന് പുറമെ ഓഡിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് വകുപ്പുകൾക്കും ഇയാൾ പരതികൾ ഊമക്കത്തുകളാക്കി അയച്ചിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തി.
സുഹൃത്തിന് ഓഡിറ്റോറിയം നിർമ്മാണ കരാർ നൽകാത്തതിലെ പകയാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പ്രതിയെ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. ചാലിശ്ശേരി എസ് എച്ച് ഒ സതീഷ് കുമാർ , ഡി വൈ എസ് പി സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ജോളി സെബാസ്റ്റ്യൻ, റഷീദ് അലി , അബ്ദുൾ റഷീദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
Last Updated Dec 9, 2023, 8:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]