
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ഛത്തീസ്ഗഢ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനാവാതെ ബി.ജെ.പി. വന്‍ വിജയം നേടി ദിവസങ്ങളായിട്ടും ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരായിരിക്കുമെന്ന് ഒരു സൂചനയുമില്ല.
മൂന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അതിനുശേഷം നിയമസഭാ കക്ഷി യോഗങ്ങള്‍ നടക്കും. രാജസ്ഥാനില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിനോദ് തവാഡെ, സരോജ് പാണ്ഡെ എന്നിവര്‍ നിരീക്ഷകരാകും. മധ്യപ്രദേശില്‍ നിരീക്ഷകര്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, കെ. ലക്ഷ്മണ്, ആശാ ലക്ര എന്നിവരാണ്. കേന്ദ്രമന്ത്രിമാരായ അര്ജുന് മുണ്ട, സര്‍ബാനന്ദ സോനോവാള്‍, ദുഷ്യന്ത് ഗൗതം എന്നിവര്‍ ഛത്തീസ്ഗഡിലെ നിരീക്ഷകരായിരിക്കും.
മോഡിയുടെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കീഴില്‍ കേന്ദ്രീകൃതമായ പ്രവര്‍ത്തനരീതി ഉണ്ടായിരുന്നിട്ടും, പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങളിലെ വിഭാഗീയത രഹസ്യമല്ല.
ഈ വര്‍ഷമാദ്യം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം, പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിന് ബി.ജെ.പി ഏകദേശം ആറ് മാസമെടുത്തു. ബി.ജെ.പിയുടെ ശക്തനായ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും നേതൃത്വം നല്കുന്ന ക്യാമ്പുകള്‍ തമ്മിലുള്ള ശത്രുത മൂലമാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിലും സംഘടനാ പുനഃക്രമീകരണം നടപ്പാക്കുന്നതിലും കാലതാമസം നേരിട്ടത്.
2017ല്‍, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വലിയ വിജയം നേടിയിരുന്നു. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി ഒരാഴ്ചയിലേറെ സമയമെടുത്തു. തെരഞ്ഞെടുക്കപ്പെട്ട 325 എന്‍.ഡി.എ എം.എല്‍.എമാരില്‍ ആദിത്യനാഥ് ഉള്‍പ്പെട്ടിരുന്നില്ല. ഗോരഖ്പൂരില്‍നിന്നുള്ള സിറ്റിംഗ് എംപിയായിരുന്നു ആദിത്യനാഥ്. കേന്ദ്ര നേതൃത്വം അദ്ദേഹത്തെ ഉന്നത പദവിയിലേക്ക് കെട്ടിയിറക്കുകയായിരുന്നു.
രാജസ്ഥാനിലാണ് ഇപ്പോള്‍ പാര്‍ട്ടി ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി, ഒരുസമയം 30 വീതം എം.എല്‍.എമാരെ ദേശീയ അധ്യക്ഷന്‍ നദ്ദ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച നിയമസഭാകക്ഷിയോഗം ചേരാനിരിക്കെയാണ് എം.എല്‍.എമാരുമായി നദ്ദ ബന്ധപ്പെടുന്നത്. നിര്‍ണായകമായ നിയമസഭാ കക്ഷിയോഗത്തില്‍ എം.എല്‍.എമാര്‍ക്കിടയില്‍ ഐക്യം രൂപപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് നദ്ദ ഓരോരുത്തരേയും ബന്ധപ്പെടുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വസുന്ധരരാജെ സജീവമായി രംഗത്തുണ്ട്. എന്നാല്‍, വസുന്ധരയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിനോട് കേന്ദ്രത്തിന് അനുകൂല നിലപാടല്ല ഉള്ളത്. ബാബ ബാലക്നാഥ്, ഗജേന്ദ്രസിങ് ഷെഖാവത്ത്, അര്ജുന് മേഘ്വാള്, ദിയാകുമാരി എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഫലം വന്നതിന് പിന്നാലെ 45 എം.എല്‍.എമാര്‍ വസുന്ധരയുടെ വീട്ടിലെത്തിയത് ശക്തിപ്രകടനമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. 75 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് വസുന്ധര പക്ഷം അവകാശപ്പെടുന്നത്. ജയ്പുരില്‍ ഞായറാഴ്ച കേന്ദ്രനിരീക്ഷകര്‍ എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുമ്പോള്‍ അവര്‍ അത് വ്യക്തമാക്കുമെന്നും വസുന്ധരപക്ഷം അവകാശപ്പെടുന്നുണ്ട്. വസുന്ധരക്ക് മൂന്നാമൂഴം അനുവദിക്കാന്‍ താത്പര്യമില്ലാത്ത കേന്ദ്രനേതൃത്വം അവര്‍ക്ക് സ്പീക്കര്‍ പദവി വാഗ്ദാനംചെയ്തേക്കുമെന്നാണ് സൂചന. എന്നാല്‍, വസുന്ധര ഇതില്‍ തൃപ്തിപ്പെട്ടേക്കില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ വിമതപ്രവര്‍ത്തനത്തിന് വസുന്ധര മടിച്ചേക്കില്ലെന്ന ആശയങ്കയും കേന്ദ്രനേതൃത്വത്തിനുണ്ട്.