
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ദ്രാവിഡിന്റെ കരാര്‍ എത്രകാലത്തേക്ക് എന്ന കാര്യത്തില്‍ തീരുമാനമെടുത്ത് ബിസിസിഐ. ലോകകപ്പോടെ കരാര്‍ കാലാവധി തീര്‍ന്ന ദ്രാവിഡിനെ വീണ്ടും പരിശീലകനായി നിയമിച്ചെങ്കിലും എത്രകാലത്തേക്കാണ് നിയമമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല. അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെയയായിരിക്കും ദ്രാവിഡ് പരിശീലകനായി തുടരുക എന്നായിരുന്നു സൂചന.
എന്നാല്‍ ഈ മാസം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനമായിരിക്കും ദ്രാവിഡിന്റെ കരാര്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ നിര്‍ണായകമാകുക എന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. പരിശീലക സ്ഥാനത്തെ ദ്രാവിഡിന്റെ കാലാവധി സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുശേഷം തീരുമാനമെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ദ്രാവിഡിന് കാലാവധി നീട്ടി നല്‍കിയെങ്കിലും അത് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പരമ്പര കഴിഞ്ഞ് ഇന്ത്യന്‍ ടീം തിരിച്ചെത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ജയ് ഷാ പറഞ്ഞു. ലോകകപ്പ് കഴിഞ്ഞ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ആവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നും ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും പരിശീലകനായി തുടരുന്ന കാര്യത്തില്‍ മാത്രമെ തീരുമാനമെടുത്തിരുന്നുള്ളൂവെന്നും ജയ് ഷാ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുശേഷം ഇന്ത്യയില്‍ തിരിച്ചെത്തുന്ന ടീം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ കളിക്കും. ഇതിനുശേഷമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കായി പോകുന്നതിന് മുമ്പ് കരാര്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ ദ്രാവിഡിനോട് ചോദിച്ചിരുന്നു. എന്നാല്‍ കരാര്‍ നീട്ടിയതായി പ്രഖ്യാപനം മാത്രമെ വന്നിട്ടുള്ളുവെന്നും കരാര്‍ രേഖകള്‍ വന്നതിനുശേഷം ഔദ്യോഗികമായി അറിയിക്കാമെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകളിലാണ് ഇന്ത്യ കളിക്കുന്നത്. ഇന്നാണ് ടി20 പരമ്പര തുടങ്ങുന്നത്. 26 മുതല്‍ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നടക്കും.
Last Updated Dec 10, 2023, 8:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]