തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തമല്ലെന്നും ഉചിതമായ നടപടി വേണമെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ശുപാർശയിൽ പറയുന്നു.
വിവാദത്തിൽ ഇന്നലെ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കെെമാറിയിരുന്നു. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തില്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. നേരത്തെ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിപിയോട് ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയത്.
കെ ഗോപാലകൃഷ്ണന്റെ പ്രവർത്തികൾ സംശയാസ്പദമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്താണ് ഗോപാലകൃഷ്ണൻ പൊലീസിന് നൽകിയത്. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തല്ല ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ഗൂഗിൾ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. ഗ്രൂപ്പുകൾ രൂപീകരിക്കാൻ ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ പി വിലാസം ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും വിവരം നൽകി. ഇതോടെ ഗോപാലകൃഷ്ണൻ തന്നെയാണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന പൊലീസിന്റെ സംശയം ബലപ്പെട്ടു. ഹാക്കിംഗ് നടന്നിട്ടില്ലെന്ന് നേരത്തെ വാട്സാപ്പും പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒക്ടോബർ 30നാണ് ഗോപാലകൃഷ്ണൻ അഡ്മിനായി മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത്. വിവരം പുറത്തറിഞ്ഞ ശേഷമാണ് പരാതിനൽകിയത്. അതേസമയം, ഫോൺ ഹാക്ക്ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നും സുഹൃത്തുക്കൾ പറഞ്ഞാണ് വിവരമറിഞ്ഞതെന്നുമുള്ള മൊഴി ഗോപാലകൃഷ്ണൻ ആവർത്തിച്ചിരുന്നു. എന്നാൽ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടാൽ പിന്നീട് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യാനാകില്ലെന്ന് പൊലീസ് പറയുന്നു.