പാലക്കാട്: പത്തനംതിട്ട സ്വദേശിയായ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നൽകിയത് ഡീലിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് പാലക്കാട്ടുകാർ തിരിച്ചറിയുമെന്നും പാലക്കാട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അന്തർധാര ഉച്ചസ്ഥായിയിൽ നിൽക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിന്റെ പേജിൽ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്നും സുരേന്ദ്രൻ പറഞ്ഞു.
‘ഇൻഡി മുന്നണി ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണ്. പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവർ എല്ലാകാലത്തും മത്സരിക്കുന്നത്. ഇത്തവണ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി തന്നെ അത് പ്രകടമാക്കിയത് ഏതായാലും നന്നായി.പത്തനംതിട്ടകാരനായിട്ടുള്ള സ്ഥാനാർത്ഥിയാണ് രാഹുൽ. അദ്ദേഹത്തിനെ പത്തനംതിട്ടയിലെ സിപിഎം പിന്തുണയ്ക്കുന്നത് പ്രാദേശിക വികാരമാണ്. പാലക്കാട്ടെ വോട്ടർമാർ പാലക്കാട്ടുകാരനായ കൃഷ്ണകുമാറിന് മാത്രമേ വോട്ട് ചെയ്യൂ. സിപിഎം വോട്ട് മറിച്ചാലും കഴിഞ്ഞ തവണത്തെ അനുഭവം ജനങ്ങളുടെ മുൻപിലുണ്ട്.
മുനമ്പം പോലെയുള്ള വിഷയങ്ങൾ ഇവിടെ ജനങ്ങൾ ചർച്ച ചെയ്യും. എൻഡിഎ സ്ഥാനാർത്ഥി മുനമ്പത്ത് പോയി പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് മുനമ്പത്ത് മാത്രമുള്ള പ്രശ്നമല്ല. നൂറണിയിലും കൽപ്പാത്തിയിലും എല്ലാം വഖഫിന്റെ ഭീഷണിയുണ്ട്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്ത് 600 ഓളം വീടുകളെ ബാധിക്കുന്ന തരത്തിൽ വഖഫ് ഭീഷണി ഉയർന്നുവന്നിരിക്കുകയാണ്. എൻഡിഎയും സ്ഥാനാർത്ഥി സി.കൃഷ്ണകുമാറും ഇരകൾക്കൊപ്പം നിൽക്കും.യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്’. കെ സുരേന്ദ്രൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]