കൊടുങ്ങല്ലൂർ: കുടുംബ ബഡ്ജറ്റിനെ താളം തെറ്റിച്ച് സവാള വില വർദ്ധിച്ച് ചില്ലറ വിപണിയിൽ 88 രൂപയിലെത്തി. അടുത്ത ദിവസം സവാള വില സെഞ്ച്വറിയിലേക്ക് കടക്കുമെന്നാണ് വിപണിയിലെ സൂചനകൾ. ഇനിയും വിലവർദ്ധിച്ചാൽ തീൻമേശയിലെ വിഭഗങ്ങളിൽ നിന്നും സവാള ഒഴിവാക്കേണ്ടിവരും. ഇതോടൊപ്പം സവാള ഒഴിച്ചുള്ള വിഭവങ്ങൾക്കും വില ഉയരുകയാണ്.
സസ്യ വിഭവങ്ങളിലെയും സസ്യേതര വിഭവങ്ങളിലെയും പ്രധാന ചേരുവയാണ് സവാള. സവാള ചേർക്കാത്ത കറികളില്ല. ആഴ്ചയിൽ ഒരു കിലോയിലേറെ സവാള വാങ്ങിയിരുന്ന കുടുംബങ്ങൾ കുറഞ്ഞ അളവിലാണ് ഇപ്പോൾ വാങ്ങുന്നത്. കച്ചവടവും കുറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ കിലോഗ്രാമിന് 37 രൂപയായിരുന്നു വില. ഒരു ഇടവേളയ്ക്ക് ശേഷമാണ് സവാളയുടെ വില ഇത്രയും വർദ്ധിക്കുന്നത്. പത്ത് മാസം മുമ്പ് സവാളയുടെ വിലക്കയറ്റ ഭീഷണി ഉണ്ടായിരുന്നത് മാറിയതോടെ കയറ്റുമതി നിയന്ത്രണം കേന്ദ്രം പിൻവലിച്ചു. ഇതേത്തുടർന്ന് അയൽരാജ്യങ്ങളിലേക്ക് സവാള കയറ്റുമതി നടക്കുന്നുണ്ട്. ഇതിനിടയിലാണ് അഭ്യന്തര ഉത്പാദനത്തിൽ കനത്ത ഇടിവ് വന്നത്. കേരളത്തിലേക്ക് വരവ് കുറയുകയും ചെയ്തു. ദീപാവലി വരെ സവാളയ്ക്ക് ഉയർന്ന വില തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നെയും വിലവർദ്ധിക്കുന്ന അവസ്ഥയാണ്.
ഒപ്പം ചെറിയ ഉള്ളിയും ഉരുളക്കിഴങ്ങും
ചെറിയ ഉള്ളിക്കും വില വർദ്ധിച്ചു. കിലോഗ്രാം 68 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ ചില്ലറ വില. സവാളയ്ക്ക് പുറമേ ഉരുളക്കിഴങ്ങിന്റെയും വിലവർദ്ധിച്ചു. കഴിഞ്ഞ രണ്ടുദിവസം മുമ്പ് 48 രൂപയായിരുന്നു വില. എന്നാലിപ്പോൾ 55 ആയി വർദ്ധിച്ചു. അതേസമയം തക്കാളിയുടെ വില കുറഞ്ഞു. കിലോഗ്രാമിന് 30 രൂപയാണ് തക്കാളിയുടെ ചില്ലറ വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]