കോഴിക്കോട് – മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18-നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസ് നൽകിയത്. 354 എ വകുപ്പ് ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിത്.
ഒക്ടോബർ 27ന് കോഴിക്കോട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടന്റിനോട് അപമര്യാദയായി പെരുമാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളിൽ കൈ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവർത്തക കൈ തട്ടി മാറ്റുകയായിരുന്നു. പിന്നീട്, മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ രംഗത്തുവന്നിരുന്നു. ‘ആ കുട്ടിക്ക് റോങ് ടെച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു’ സുരേഷ് ഗോപിയുടെ വാക്കുകൾ.
പിന്നീട് കൊച്ചിയിലും തൃശൂരിലും വച്ച് മാധ്യമപ്രവർത്തകരെ പരിഹസിച്ചും പ്രകോപിതനായും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. പ്രതികരണം ആരാഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്ങ് പ്ലീസ്…ഞാനും കേസ് കൊടുക്കും, അകലം പാലിക്കണമെന്ന് പറഞ്ഞ സുരേഷ് ഗോപി ‘റിപോർട്ടർ ടി.വിയിലെ വനിതാ മാധ്യമപ്രവർത്തകയോട് ആളാകാൻ വരേണ്ടെന്ന് ആവർത്തിച്ചു പറഞ്ഞ് കേസ് കോടതി നോക്കിക്കൊള്ളുമെന്നും’ കയർത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]