വത്തിക്കാന്: ട്രാന്സ് വിഭാഗങ്ങളിലുള്ളവരെ പിന്തുണയ്ക്കുന്ന നിലപാടുമായി ഫ്രാന്സിസ് മാർപ്പാപ്പ. മാമോദീസ ചടങ്ങുകളില് തല തൊട്ടപ്പനും തല തൊട്ടമ്മയും ആവുന്നതിന് ട്രാന്സ് വിഭാഗത്തിലുള്ളവരെ അനുവദിക്കണമെന്നാണ് ഫ്രാന്സിസ് മാർപ്പാപ്പ ആവശ്യപ്പെടുന്നത്. ഭിന്ന ലിംഗത്തിലുള്ളവരെ സഭാ സമൂഹത്തിനൊപ്പം ചേർത്ത് നിർത്തുന്ന ശക്തമായ നിലപാടാണ് മാർപ്പാപ്പയുടേതെന്നാണ് ആഗോള തലത്തില് തീരുമാനത്തിന് ലഭിക്കുന്ന പ്രതികരണം. ബുധനാഴ്ചയാണ് മാർപ്പാപ്പയുടെ അനുമതി പ്രസിദ്ധീകരിച്ചത്.
ട്രാന്സ് വ്യക്തി അവർ ഹോർമോണ് തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവർക്ക് മാമോദീസ സ്വീകരിക്കുന്നതിൽ തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി. ഇത്തരത്തിലുള്ള മാമോദീസയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നില്ല. മാമോദീസയിലും വിവാഹ ചടങ്ങിലും ട്രാന്സ് വിഭാഗങ്ങളില് നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിയായ ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാർപ്പാപ്പയുടെ മറുപടി. പ്രായപൂർത്തിയായ ട്രാന്സ് വ്യക്തികൾക്ക് തല തൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നതിന് തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി.
സഭാ സമൂഹത്തില് വിശ്വാസികള്ക്കിടയിൽ വിദ്യാഭ്യാസ പരമായ വലിയ വിവാദങ്ങള് ഉയരുന്നില്ലെന്ന് ഉറപ്പ് വരുത്തിയാവണം ഇത്തരം നടപടിയെന്നും മാർപ്പാപ്പ നിർദ്ദേശിക്കുന്നു. വിവാഹങ്ങളില് ട്രാന്സ് വിഭാഗങ്ങളില് നിന്നുള്ളവർ സാക്ഷികള് ആവുന്നതിന് തടസം നിൽക്കാന് തക്കതായ കാരണമില്ലെന്നും മാർപ്പാപ്പ കുറിപ്പിൽ വ്യക്തമാക്കുന്നു. 2015ലെ നിരീക്ഷണങ്ങളില് നിന്ന് വിഭിന്നമാണ് നിലവിലെ നിർദ്ദേശം.
കത്തോലിക്കാ സമൂഹത്തിലെ വലിയ രീതിയിലുള്ള അംഗീകാരമെന്നാണ് ട്രാന്സ് ആക്ടിവിസ്റ്റുകള് തീരുമാനത്തെ നിരീക്ഷിക്കുന്നത്. വിശ്വാസപരമായ ചടങ്ങുകളിലെ പങ്കാളിത്തത്തിന് ലിംഗ വ്യത്യാസം തടസമാകാത്തതാണ് മാർപ്പാപ്പയുടെ തീരുമാനമെന്നും ആഗോളതലത്തില് മെച്ചപ്പെട്ട രീതിയിലുള്ള സ്വീകാര്യത നൽകാനും തീരുമാനം സഹായിക്കുമെന്നും ട്രാന്സ് സമൂഹം നിരീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Nov 10, 2023, 9:59 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]