കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കേരള ഹൈക്കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു. റീകൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധുവോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്ന് പറഞ്ഞ കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്നും പറഞ്ഞു. കേസിൽ കോടതി ഇന്ന് വിധി പറഞ്ഞില്ല.
റീ കൗണ്ടിങ്ങ് ആവശ്യപ്പെട്ട് എസ്എഫ്ഐ സ്ഥാനാർഥി നൽകിയ അപേക്ഷയിൽ ഒരു കാരണവും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയിൽ ഉള്ളതെന്നും കോടതി പറഞ്ഞു. കോളേജിലെ കെഎസ്യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പിന്റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്ന് സർവകലാശാല നിലപാടെടുത്തു. അസാധു വോട്ടുകൾ റീ കൗണ്ടിങിൽ സാധുവായി പരിഗണിച്ചാണ് എസ്എഫ്ഐ ജയിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം. ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം.
Last Updated Nov 10, 2023, 3:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]