ബംഗളൂരു: ഏകദിന ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡ് ജയിച്ചതോടെ ടീം ഏറെക്കുറെ സെമി ഉറപ്പിച്ചിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ആഹ്രഹിച്ചത് വലിയ മാര്‍ജിനിലുള്ള വിജയം തന്നെ അവര്‍ സ്വന്തമാക്കി.
സെമി ഫൈനലില്‍ ഇന്ത്യയായിരിക്കും ന്യൂസിലന്‍ഡിന്റെ എതിരാളി. ഇന്ത്യക്ക് ന്യൂസിലന്‍ഡ് എപ്പോഴും പണി തന്നിട്ടുണ്ട്. 2019 ലോകകപ്പിലും അതുകണ്ടു. അന്ന് സെമി ഫൈനലിലായിരുന്നു കിവീസിനോട് ഇന്ത്യയുടെ തോല്‍വി. ഇപ്പോള്‍ സെമി കളിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്. ഇന്ത്യയുമായി സെമി കളിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്നാണ് വില്യംസണ് പറയുന്നത്. അതൊരു വലിയ പരീക്ഷണമായിരിക്കുമെന്നും കിവീസ് ക്യാപ്റ്റന്‍ പറഞ്ഞുവെക്കുന്നു.
ന്യൂസിലന്‍ഡിനെതിരെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡല്ല. 10 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ച് വിജയങ്ങള്‍ കിവീസ് സ്വന്തമാക്കി. നാല് തവണ ഇന്ത്യ ജയിച്ചു. ഒരു മത്സരം മഴയില്‍ മുടങ്ങി. ഇന്ത്യയെ ഏറ്റവും കൂടുതല്‍ നീറ്റുന്നത് 2019 ലോകകപ്പിലെ തോല്‍വിയായിരിക്കും. അന്ന് സെമി ഫൈനലില്‍ 18 റണ്‍സിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.3 ഓവറില്‍ 221ന് എല്ലാവരും പുറത്താവുകയായിരുന്നു.
ഈ ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡ് 10 പോയിന്റായി. നെറ്റ് റണ്‍റേറ്റ് +0.922. പാകിസ്ഥാന് ഇപ്പോള്‍ എട്ട് പോയിന്റുണ്ട്. ഇനി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. +0.036 റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]