
കൊച്ചി: പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന് കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. നാളെ രാവിലെ 11 മണിയോടെ മട്ടാഞ്ചേരിയില്‍ സംസ്കാരം നടക്കും.
മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ഹനീഫ്, ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്. ഈ പറക്കും തളിക എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മണവാളനായി എത്തിയ ഹനീഫിന്റെ കഥാപാത്രം ഇന്നും സോഷ്യല്‍ മീഡിയ മീമുകളില്‍ സജീവമാണ്. ഇതിനോടകം നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടിട്ടുണ്ട്. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. നൂറിലധികം ടെലിസീരിയലുകളിലും ഹനീഫ് അഭിനയിച്ചിട്ടുണ്ട്.
മട്ടാഞ്ചേരി സ്വദേശികളായ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ്. സ്കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ താരമായ ഹനീഷ് പിന്നീട് നാടത്തിൽ സജീവമായി. അവിടെ നിന്നുമായിരുന്നു കലാഭവനിലേക്ക് എത്തിയത്. പിന്നീട് ഒട്ടനവധി വേദികളിൽ അദ്ദേഹം മിമിക്രിയും സ്കിറ്റുകളും അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തു. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്, എന്നിങ്ങനെ രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്. 2022 ഡിസംബറില്‍ ആയിരുന്നു മൂത്തമകൻ ഷാറൂഖിന്റെ വിവാഹം.
പ്രിയ സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം ഇപ്പോൾ. നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്ത് എത്തുന്നത്. “എന്റെ പൊന്നു സഹോദരന് ആയിരം പ്രണാമങ്ങൾ. അകാലത്തിലുള്ള ഈ ഈ യാത്ര വേണ്ടായിരുന്നു എൻറെ പൊന്നു സഹോദരാ.. വേദനയോടെ ഈ പട്ടാളക്കാരൻ്റെ സല്യൂട്ട് സ്വീകരിച്ചാലും.. പ്രണാമം”, എന്നാണ് മേജര്‍ രവി കുറിച്ചത്. “ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട” എന്നാണ് ദിലീപ് കുറിച്ചത്.
Last Updated Nov 9, 2023, 5:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]