കൊച്ചി- വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിൽ വ്യാപിക്കുന്നത് തടയുന്നതിനായി സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ, ടിങ്കർഹബ് എന്നിവ ചേർന്ന് ഹാക്ക്ഫേക്ക് ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. നവംബർ 11, 12 തീയതികളിൽ കൊച്ചിയിലാണ് പരിപാടി നടക്കുന്നത്.
കോന്നി വിഎൻഎസ് കോളേജിലെ ഹ്യൂമാനിറ്റീസ് വകുപ്പ്, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികളും ടിങ്കർഹബ് കൂട്ടായ്മയിലെ സാങ്കേതിക വിദ്യാർഥികളും ചേർന്നാണ് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ഹാക്കത്തോണിൽ പങ്കെടുക്കുന്നത്. മലയാളത്തിൽ പരക്കുന്ന വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും ഫലപ്രദമായി തടയുന്നതിനായുള്ള നൂതന ആശയങ്ങളാണ് ഹാക്ക്ഫേക്ക് ഹാക്കത്തോണിൽ ഉയർന്നു വരേണ്ടത്. മാധ്യമ സ്ഥാപനങ്ങൾ, ഗവേഷകർ എന്നിവരിലേക്ക് ഇതിന്റെ ഫലം എത്തിക്കുകയാണ് ലക്ഷ്യം.
മലയാള ഭാഷയിലുള്ള വാർത്തകളിൽ കടന്നു കയറുന്ന വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പരിശോധിക്കുന്നതിനുള്ള നൂതന പരിഹാര മാർഗങ്ങളാണ് ഹാക്കത്തോണിലൂടെ രൂപപ്പെടുത്തേണ്ടത്. മാധ്യമ പ്രവർത്തകർ, വ്യാജവാർത്ത പുറത്തു കൊണ്ടുവരുന്ന കൂട്ടായ്മകൾ എന്നിവർക്കൊക്കെ വലിയ സഹായം ഇതു വഴി ലഭിക്കും. ഇതിനു പുറമെ എന്തും ഷെയർ ചെയ്യാവുന്ന സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്ന യുവതലമുറയ്ക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെ ഈ ഇടങ്ങളിൽ പ്രവർത്തിക്കാനും ഈ ഉദ്യമം പ്രേരകമാകും.
മെഷീൻ ലേണിംഗ്, നിർമിത ബുദ്ധി എന്നിവ ഉപയോഗിച്ച് ഭാഷയിലെ രീതികൾ മനസ്സിലാക്കി വളരെ പെട്ടെന്ന് വ്യാജവാർത്തയുടെ മുന്നറിയിപ്പ് നൽകാനാണ് ഉദ്ദേശിക്കുന്നത്. പരിപാടിയുമായി സഹകരിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ വഴി വിവരങ്ങളടങ്ങുന്ന ഡാറ്റാ ബേസ് പരിശോധിച്ച് ആവശ്യമായ കുറിപ്പുകൾ തയാറാക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ എഐ/എംഎൽ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ഹാക്ക്ഫേക്ക് ഹാക്കത്തോൺ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അരുന്ധതി [email protected], ആകാശ് [email protected] എന്നിവരുമായി ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]