മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്നേക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് ആദ്യ സെമി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ന്യൂസിലന്‍ഡായിരിക്കും ഇന്ത്യയുടെ എതിരാളി. അതുകൊണ്ടുതന്നെ മുംബൈയിലായിരിക്കും മത്സരം നടക്കുക. പാകിസ്ഥാനാണ് ഇന്ത്യയുടെ സെമിയിലെ എതിരാളികളാകുന്നതെങ്കില്‍ ഇന്ത്യ കൊല്‍ക്കത്തയില്‍ കളിക്കണമായിരുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ മുംബൈയില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന് ലോകകപ്പിന് മുമ്പ് തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ പാകിസ്ഥാന് സെമിയിലെത്തിയാല്‍ എതിരാളികള്‍ ആരായാലും വേദി കൊല്‍ക്കത്തയിലായിരിക്കുമെന്ന് നേരത്തെ ഐസിസിയും ബിസിസിഐയും തമ്മില്‍ ധാരണയിലെത്തിയതാണ്. എന്നാല്‍ ഏറെക്കുറെ പുറത്തായെന്ന അവസ്ഥയില്‍ സെമി ഫൈനല്‍ വേദിമാറില്ല. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു പാകിസ്ഥാന് സെമിയിലെത്തിയാല്‍ വേദി കൊല്‍ക്കത്തയിലേക്ക് മാറ്റാമെന്ന് ബിസിസിഐ അറിയിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോകകപ്പിലെ 10 വേദികളില്‍ അഞ്ചിടത്ത് മാത്രമാണ് പാകിസ്ഥാന് ഇത്തവണ മത്സരിച്ചത്. ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പാകിസ്ഥാന് ഇത്തവണ കളിച്ചത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തകര്‍ത്തതോടെ ന്യൂസിലന്‍ഡ് 99.9 ശതമാനം സെമി ഉറപ്പിച്ച് കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ആഹ്രഹിച്ചത് വലിയ മാര്‍ജിനിലുള്ള വിജയം തന്നെ അവര്‍ സ്വന്തമാക്കി. ഇതോടെ നെറ്റ് റണ്‍റേറ്റും കുത്തനെ കൂടി. ഇതുതന്നെയാണ് പാകിസ്ഥാന് വിനയായതും.
പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡ് 10 പോയിന്റായി. നെറ്റ് റണ്‍റേറ്റ് +0.922. പാകിസ്ഥാന് ഇപ്പോള്‍ എട്ട് പോയിന്റുണ്ട്. ഇനി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. +0.036 റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. പാകിസ്ഥാന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രം മതിയാവില്ല. ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ തോല്‍പ്പിക്കണം. ചുരുക്കത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നര്‍ത്ഥം.
Last Updated Nov 9, 2023, 10:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]