തൃശ്ശൂർ : ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കുള്ള ജില്ലാതല പരിശീലനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ ജൈവവൈവിധ്യ പരിപാലന സമിതികളായ 67 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. ഓരോ ജൈവവൈവിധ്യ പരിപാലന സമിതികളിൽ നിന്നുമുള്ള ചെയർപേഴ്സൺ, സെക്രട്ടറി, കൺവീനർ സാങ്കേതിക വൈദഗ്ദ്യമുള്ള രണ്ട് റിസോഴ്സ് പേഴ്സൺമാർ എന്നിവരാണ് പങ്കെടുക്കുന്നത്.
ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ പ്രഥമ സംസ്ഥാനമാണ് കേരളം. 2019 ൽ പൂർത്തീകരിച്ച ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം തയ്യാറാക്കുകയാണ് സംസ്ഥാന സർക്കാർ. ജൈവവൈവിധ്യ സംരക്ഷണം നടപ്പിലാക്കുന്നതിനും വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനുമായി ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും കാലാനുസൃതമായ പുതുക്കലും നടത്തി വരികയുമാണ്. ജൈവവൈവിധ്യ ഉപജീവനമാർഗ്ഗങ്ങൾ, ഉൽപ്പാദനക്ഷമത, കൃഷി, വനങ്ങൾ, മൂല്യ വർധിത ഉത്പ്പന്നങ്ങൾ എന്നിവയുടെ പരിപോഷണവും സാധ്യമാക്കുകയാണ് ജൈവവൈവിധ്യ രജിസ്റ്റർ.
തൃശ്ശൂർ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാലയിൽ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ രീതിശാസ്ത്രം, ആവശ്യമായ വിവരശേഖരണം, ജില്ലാതല ജൈവവൈവിധ്യ കോഡിനേഷൻ കമ്മിറ്റിയുടെ പങ്ക് എന്നീ വിഷയങ്ങളിൽ അവതരണവും കർമ്മപരിപാടി തയ്യാറാക്കുന്നതിനുള്ള തുടർ ചർച്ചകളും, സംശയം നിവാരണവും നടത്തി.
ശില്പശാലയിൽ കെഎസ്ബിബി ചെയർമാൻ ഡോ. സി ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ, കെഎസ്ബിബി ജില്ലാ കോർഡിനേറ്റർ ഫെബിൻ ഫ്രാൻസിസ്, ഡോ. എ വി സന്തോഷ്കുമാർ, ഡോ. എ വി രഘു, കെ വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]