ന്യൂഡൽഹി∙
പ്രതിഷേധങ്ങൾ ശക്തമായതോടെ അതിർത്തി പങ്കിടുന്ന ഏഴു ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പൊലീസിന് നിർദേശം നൽകി. അഴിമതിക്കെതിരെയും സമൂഹമാധ്യമ നിരോധനത്തിന് എതിരെയും നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെ.പി.ശർമ ഒലി രാജിവച്ചതിനെ തുടർന്നാണ് ഈ നീക്കം.
ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചിട്ടില്ലെങ്കിലും ജാഗ്രത ശക്തമാക്കി.
ബൽറാംപുർ, ബഹ്റൈച്ച്, പിലിബിത്ത്, ലഖിംപുർ ഖേരി, സിദ്ധാർഥ് നഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം, പട്രോളിങ് ശക്തമാക്കൽ, അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയ്ക്ക് ഡിജിപി ഉത്തരവിട്ടു.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി ലക്നൗവിലെ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. വാട്സാപ് നമ്പർ ഉൾപ്പെടെ 3 ഹെൽപ്ലൈൻ നമ്പറുകൾ പ്രവർത്തനക്ഷമമാണ് ( 0522-2390257, 0522-2724010, 9454401674 , വാട്സാപ് നമ്പർ -9454401674 ).
സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിനും നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നതിനും യുപി പൊലീസ് തയാറാണെന്ന് എഡിജി അമിതാഭ് യാഷ് പറഞ്ഞു. 2008ൽ രാജവാഴ്ച അവസാനിപ്പിക്കാനായി നടന്ന പ്രക്ഷോഭത്തിനുശേഷം നേപ്പാൾ കണ്ട
ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. കഴിഞ്ഞ രണ്ടു വർഷമായി യുവതലമുറയ്ക്കിടയിൽ പുകഞ്ഞ അമർഷത്തിനുമേൽ അടിച്ച അവസാന ആണിയായിരുന്നു സമൂഹമാധ്യമ നിരോധനം.
അഴിമതി, തൊഴിലില്ലായ്മ, ഏകാധിപത്യത്തിലേക്കു നീങ്ങുന്ന സർക്കാർ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ അതൃപ്തി പുകഞ്ഞിരുന്നു. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയത്.
ഇതിനെതിരെ പുതുതലമുറ പ്രതിഷേധം ആരംഭിച്ചു. പ്രധാനമന്ത്രി കെ.പി.
ശർമ ഒലി രാജിവച്ചു. പ്രക്ഷോഭകർ പാർലമെന്റ് സമുച്ചയത്തിലും സുപ്രീം കോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും തീയിട്ടു.
പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ എന്നിവരുടേത് അടക്കം ഉന്നത രാഷ്ട്രീയനേതാക്കളുടെ വസതികൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടു. തിങ്കളാഴ്ച പൊലീസ് നടപടിയിൽ 19 പേർ കൊല്ലപ്പെട്ടശേഷം, സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരെയുള്ള പോരാട്ടമായി തുടരുകയാണ്.
‘ജെൻ സി മുന്നേറ്റം’ എന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഓഫിസ് ഉപരോധിക്കുകയും വസതി ആക്രമിച്ചു തീയിടുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]