
ചായ ഒരു വികാരമാണ്. കട്ടൻ ചായ, പാലൊഴിച്ച ചായ, മസാല ചായ തുടങ്ങി എന്തെല്ലാം തരം ചായകളാണ്. മൂഡോഫായിരിക്കുകയാണെങ്കിൽ ഒരു ചായ കുടിച്ചാൽ മതി അത് മൊത്തം മാറാൻ എന്ന് പറയുന്നവരുണ്ട്. തല വേദനയാണോ എന്നാൽ വാ ഒരു ചായ കുടിച്ചേക്കാം എന്ന് പറയുന്നവരുണ്ട്. എന്തിനേറെ പറയുന്നു, ചായ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം കൂട്ടുകാരായവർ പോലും ഉണ്ട്. ചായയുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.
എന്നാൽ, ഈ ചായ വൈറലായത് അത് അടിപൊളി ചായ ആയതുകൊണ്ട് മാത്രം അല്ല. മറിച്ച് അതൊരു ചായയാണോ അതോ പായസമാണോ എന്ന് പോലും ആളുകൾ സംശയം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അമൃത്സറിലെ തിരക്കേറിയ തെരുവോരത്താണ് ഈ ചായക്കട പ്രവർത്തിക്കുന്നത്. ബദാമും പനിനീർപ്പൂവിന്റെ ഇതളുകളും അടക്കം ചേർന്നതാണ് ഈ ചായ. ഇത് ചായയാണോ അതോ അല്ലേ എന്ന സംശയത്തിലാണ് ഇപ്പോൾ നെറ്റിസൺസ്. ഫുഡ് വ്ലോഗറായ സുകൃത് ജെയിനാണ് ഈ ചായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പാൽ, പൊടിച്ച ബദാം, പനിനീർപ്പൂവിന്റെ ഇതളുകൾ, ഏലം, വെണ്ണ എന്നിവയുൾപ്പെടെയുള്ള ചേരുവകൾ ഉപയോഗിച്ചാണ് ചായക്കടക്കാരൻ ഈ സ്പെഷ്യൽ ചായ തയ്യാറാക്കുന്നത്. ഓരോ ഗ്ലാസിനും വില എത്രയാണ് എന്നതാണ് അടുത്തതായി ഞെട്ടിക്കുന്ന കാര്യം. 100 രൂപയാണ് ഇവിടെ ഒരു ഗ്ലാസ് ചായയ്ക്ക് വില.
‘അമൃത്സറിലെ ഏറ്റവും വിലയേറിയ ചായ, ഗ്ലാസ് ഒന്നിന് 100 രൂപ വില’ എന്നാണ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതിൽ രസകരമായ കമന്റുകൾ നൽകിയവരും ഉണ്ട്. ‘ഈ ചായയിൽ ചായപ്പൊടി എവിടെ’ എന്നാണ് ചിലർ ചോദിച്ചത്. മറ്റൊരാൾ കമന്റ് നൽകിയത്, ‘ഇനി ഇതിൽ മട്ടൺ മസാലയും തൈരും മാത്രമേ ചേർക്കാൻ ബാക്കിയുള്ളൂ’ എന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]