
തിരുവനന്തപുരം – സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ സംസ്ഥാന വിഹിതം നോഡൽ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെന്നും അതിനാൽ ഈ വർഷം കേരളത്തിന് പണം അനുവദിക്കാനാകില്ലെന്നുമുള്ള കേന്ദ്ര വിശദീകരണത്തിനെതിരെ രൂക്ഷ വിമർശവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നല്കിയതായും സാങ്കേതികത്വം പറഞ്ഞ് കേന്ദ്ര സർക്കാർ പണം മുടക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായുള്ള നടത്തിപ്പിനായി കേന്ദ്രം അർഹമായ തുക നല്കുന്നില്ല. പല മേഖലകളിലും കേന്ദ്രം പണം നല്കാതെ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. എന്നാൽ, സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടിക്കുറച്ചിട്ടില്ല. കഴിഞ്ഞ വർഷം നല്കിയ അതേ തുക ഉച്ചഭക്ഷണ പദ്ധതിയിൽ നല്കുന്നുണ്ടെന്നും മന്ത്രി ബാലഗോപാൽ വിശദീകരിച്ചു.
2021-22 വർഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സർക്കാർ നോഡൽ അക്കൗണ്ടിലേക്ക് കൈമാറേണ്ടതുണ്ട്. ഈ തുക സംസ്ഥാന സർക്കാർ ഇതുവരെ നൽകാത്തതാണ് പ്രശ്നമെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇത് ചെയ്യാത്തതനിനാലാണ് ഈ വർഷത്തെ തുക അനുവദിക്കാത്തതെന്നും കേന്ദ്രം പറയുന്നു. കഴിഞ്ഞ മാസം 31 വരെ ഇളവ് അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ അവരുടെ വിഹിതം അടച്ചില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
എന്തായാലും സംസ്ഥാനത്ത് നൂറുകണക്കിന് സ്കൂളുകളിൽ മാസങ്ങളായി അധ്യാപകർ യഥാസമയത്ത് സർക്കാറിൽനിന്നും പണം കിട്ടാത്തതു കാരണം ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ബുദ്ധിമുട്ടുകയാണ്. വൻ കുടിശ്ശികയാണ് ഓരോ സ്കൂളിനും ഈ ഇനത്തിൽ സർക്കാർ നൽകാനുള്ളത്. സർക്കാർ അനുവദിക്കുന്ന 15 വർഷം മുമ്പുള്ള തുക നിലവിൽ തീർത്തും അപര്യാപ്തമാണെന്നും തുക പുതുക്കി നിശ്ചിയിക്കുന്നതോടൊപ്പം കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും അധ്യാപകർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]