കോഴിക്കോട് – മുക്കത്തിനിടുത്ത മണാശ്ശേരിയിൽ ബെഡ്ഡ് ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ പരിശോധനകൾക്ക്. കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ ശരീരത്തിന് പുറത്ത് പരുക്കേറ്റിട്ടില്ലെന്ന് മുക്കം സി.ഐ സുമിത്ത് കുമാർ പറഞ്ഞു. അതിനാൽ, ആന്തരാവയവങ്ങൾ രാസപരിശോധന നടത്തുമെന്നും പൂർണമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരൂവെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് മുക്കം മണാശ്ശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് മരിച്ചത്. കുട്ടിയെ ഉറക്കിയ ശേഷം അമ്മ കുളിമുറിയിലേക്ക് പോയ സമയത്ത് ചുമരിൽ ചാരിവെച്ചിരുന്ന ബെഡ്ഡ് കുട്ടിയുടെ മുകളിലേക്ക് വീണാണ് മരണമെന്നാണ് കുടുംബം പറഞ്ഞത്. കുളിച്ചു വന്ന ശേഷമാണ് ബെഡ്ഡിന്റെ അടിയിൽ കിടക്കുന്ന ജെഫിനെ കണ്ടതെന്നാണ് അമ്മ ജിൻസി പോലീസിന് നൽകിയ മൊഴി. ഉടനെ കുട്ടിയെ കെ.എം.സി.ടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ കുട്ടി മരിച്ചുന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തുവന്നിരുന്നു. എന്തായാലും കൂടുതൽ പരിശോധനകൾക്കു ശേഷമേ കൃത്യമായ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് പ്രതികരിച്ചു. ശ്വാസകോശ വാൽവിനുള്ള പ്രശ്നങ്ങളെ തുടർന്ന് കുട്ടി ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചതായും പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]