
തിരുവനന്തപുരം: ചെമ്പൈ സംഗീതോത്സവത്തിന് അടുത്ത വർഷം മുതൽ 2.5 ലക്ഷം അനുവദിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടന്ന 29-ാമത് ചെമ്പൈ സംഗീതോത്സവവും ചെമ്പൈ വൈദ്യനാഥഭാഗവതരുടെ 127-ാമത് ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കലാ-സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനാണ് സംഗീതോത്സവത്തിനുള്ള തുക 1.5 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമായി ഉയർത്തുന്നത്. ഇതിനൊപ്പം വയലിൻ,പുല്ലാങ്കുഴൽ, മൃദംഗം,ഗഞ്ചിറ എന്നിവ അവതരിപ്പിക്കുന്ന കലാകാരന്മാർക്കും 10000 രൂപ വീതമുള്ള ചെമ്പൈ പുരസ്കാരം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ വി.വി.അയ്യർ, സെക്രട്ടറി സി.നീലകണ്ഠൻ, മാനേജിംഗ് ട്രസ്റ്റി പ്രൊഫ.വൈക്കം വേണുഗോപാൽ, കൗൺസിലർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.