
നോയിഡ: “ഇന്റർനാഷണൽ പൊലീസ് ആൻഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ” എന്ന പേരിൽ വ്യാജ പൊലീസ് സ്റ്റേഷൻ നടത്തി പൊതുജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയ ആറ് പേർ നോയിഡയിൽ അറസ്റ്റിൽ. സർക്കാർ ഉദ്യോഗസ്ഥരെന്ന് ആൾമാറാട്ടം നടത്തി വ്യാജരേഖകളും പോലീസ് ചിഹ്നങ്ങളും ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നോയിഡയിലെ സെക്ടർ 70-ലെ ഒരു കെട്ടിടത്തിൽ ഞായറാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പൊലീസ് സ്റ്റേഷനെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള എല്ലാ ബോർഡുകളും ചിഹ്നങ്ങളുമാണ് ഇവർ ഓഫീസിന് മുൻപിൽ സ്ഥാപിച്ചിരുന്നത്.
ട്രൈബൽ അഫയേഴ്സ് മന്ത്രാലയം, ആയുഷ് മന്ത്രാലയം തുടങ്ങിയ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ വ്യാജ സർട്ടിഫിക്കറ്റുകളും ഇവർ ഉപയോഗിച്ചു. ഇന്റർപോൾ, ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി തങ്ങൾക്ക് ബന്ധമുണ്ടെന്നും യുകെയിൽ ഓഫീസ് ഉണ്ടെന്നും ഇവർ അവകാശപ്പെട്ടിരുന്നു.
അറസ്റ്റിലായവരിൽ നിന്ന് വ്യാജ ഐഡി കാർഡുകൾ, സർട്ടിഫിക്കറ്റുകൾ, ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ, റബ്ബർ സ്റ്റാമ്പുകൾ, 42,300 രൂപ എന്നിവ പിടിച്ചെടുത്തതായി ഡിസിപി ശക്തി മോഹൻ അവാസ്തി അറിയിച്ചു. ബംഗാൾ സ്വദേശികളായ ബിഭാഷ് ചന്ദ്ര അധികാരിയും മകൻ അരാഘ്യ അധികാരിയും ഉൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്.
ജൂൺ 4-നാണ് ഇവർ ഓഫീസ് വാടകയ്ക്കെടുത്തതെന്നും 10 ദിവസത്തോളമായി തട്ടിപ്പ് നടത്തിവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]