
ദില്ലി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചതോടെ പാകിസ്ഥാന് കനത്ത സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. രണ്ട് മാസത്തിനുള്ളിൽ പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിക്ക് (പിഎഎ) 1,240 കോടി രൂപയിലധികം നഷ്ടമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചതായി പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 23-ന് ഇന്ത്യ സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിന് മറുപടിയായാണ് ഏപ്രിൽ 24-ന് ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ എല്ലാ വിമാനങ്ങൾക്കും പാകിസ്ഥാൻ നിരോധനമേർപ്പെടുത്തി.
ഈ നീക്കം സാമ്പത്തികമായി തിരിച്ചടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 24 നും ജൂൺ 30 നും ഇടയിൽ, പറക്കൽ ചാർജുകൾ ഈടാക്കിയതിൽ നിന്നുള്ള പിഎഎയുടെ വരുമാനം കുറഞ്ഞു.
പാക് നടപടി 100-150 ഇന്ത്യൻ വിമാനങ്ങളെ ബാധിക്കുകയും പാകിസ്ഥാന്റെ ഗതാഗത വ്യോമ ഗതാഗതം ഏകദേശം 20 ശതമാനം കുറയ്ക്കുകയും ചെയ്തുവെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം സാമ്പത്തിക തിരിച്ചടി സമ്മതിച്ചെങ്കിലും പരമാധികാരവും ദേശീയ പ്രതിരോധവും സാമ്പത്തിക പരിഗണനകളേക്കാൾ മുൻഗണന അർഹിക്കുന്നുവെന്ന് വിശദീകരിച്ചു.
2019 ൽ പിഎഎയുടെ ശരാശരി പ്രതിദിന ഓവർഫ്ലൈറ്റ് വരുമാനം 508,000 ഡോളറായിരുന്നു. 2025 ൽ ഇത് 760,000 ഡോളറായി.
നിലവിൽ, ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഒഴികെയുള്ള മറ്റെല്ലാവർക്കും പാകിസ്ഥാന്റെ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഓഗസ്റ്റ് അവസാന ആഴ്ച വരെയാണ് നിരോധനമേർപ്പെടുത്തിയത്.
കാലാവധി കഴിഞ്ഞാൽ നിരോധന തീരുമാനം പുനഃപരിശോധിക്കും. മറ്റ് അന്താരാഷ്ട്ര റൂട്ടുകളിൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് തടസ്സമൊന്നുമില്ല, അതേസമയം പാകിസ്ഥാൻ വിമാനക്കമ്പനികൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
ഏപ്രിൽ 22-ന് ജമ്മു & കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വ്യോമാതിർത്തിയിലെ സംഘർഷം ആരംഭിച്ചത്. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്ന നോട്ടാം 2025 ഓഗസ്റ്റ് 23 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]