
ബെംഗളൂരു ∙ നമ്മ മെട്രോ യെലോ ലൈനും പുതിയ വന്ദേഭാരത് ട്രെയിനും പ്രധാനമന്ത്രി
ഉദ്ഘാടനം ചെയ്തു. നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നടത്തി.
ഇലക്ട്രോണിക് സിറ്റി സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. കെഎസ്ആർ ബെംഗളൂരു – ബെലഗാവി റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ്.
തെക്കൻ ബെംഗളൂരുവിലേക്കുള്ള യാത്ര പുതിയ യെലോ ലൈൻ സുഗമമാക്കുമെന്ന് അധികൃതർ പറയുന്നു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയാണ് ലൈൻ.
ഇലക്ട്രോണിസിറ്റിയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ പാത ആർവി റോഡ് മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. നാളെയാണ് പാത യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്.
യെലോ ലൈൻ യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിൽ മെട്രോ പാതയുടെ ദൈർഘ്യം 96 കിലോമീറ്ററാകും. 7,160 കോടി രൂപ ചെലവഴിച്ചു നിർമിച്ച യെലോ ലൈനിൽ 16 സ്റ്റേഷനുകളാണുള്ളത്.
ഡ്രൈവർ രഹിത മെട്രോയാണ് പാതയിൽ സർവീസ് നടത്തുന്നതെങ്കിലും ആദ്യകുറച്ചു നാളുകളിൽ ലോക്കോ പൈലറ്റുണ്ടാകും.
ഫ്ലാഗ് ഓഫിനു ശേഷം ആർവി റോഡ് മുതൽ ഇലക്ട്രോണിക് സിറ്റി വരെ പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. ഇലക്ട്രോണിക് സിറ്റി ഐഐഐടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 44.65 കിലോമീറ്റർ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും യെലോ ലൈനിന്റെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
15,610 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൂന്നാം ഘട്ടത്തിൽ ജെപി നഗർ നാലാം ഫേസ് മുതൽ കെംപാപുര വരെ 32.5 കിലോമീറ്റർ (ഒന്നാം ഇടനാഴി), ഹൊസഹള്ളി മുതൽ കഡബഗെരെ വരെ 12.15 കിലോമീറ്റർ (രണ്ടാം ഇടനാഴി) എന്നീ പാതകളാണ് നിർമിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]