
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ ഉയരുന്ന വ്യാപക വിമർശനങ്ങളിൽ മാധ്യമങ്ങളെ പഴിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ ആശുപത്രികളിൽ ഒന്നുമില്ലെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ് എന്നാണ് ആരോഗ്യമന്ത്രിയുടെ ആരോപണം.
മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താൽപര്യങ്ങളും അജണ്ടകളുമുണ്ട്. എത്ര കള്ള പ്രചരണമുണ്ടെങ്കിലും കേരളം കൈകോർത്ത് നിന്ന് ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് കള്ളപ്രചരണമെന്ന് പറഞ്ഞ മന്ത്രി, സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെന്ന വാദവും ഉയർത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.
2021ൽ സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ തേടിയവരുടെ എണ്ണം രണ്ടര ലക്ഷമായിരുന്നു. ഇപ്പോൾ ആറരലക്ഷമായി ഉയർന്നു.
രോഗികൾ കൂടിയത് അല്ല, സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലാണ് വർധന ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ ആയുർവേദ ആശുപത്രി നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വീണ ജോർജിന് പ്രത്യേക സുരക്ഷ ആരോഗ്യമന്ത്രി വീണ ജോർജിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 അംഗ പൊലീസ് സംഘമാണ് മന്ത്രിക്കൊപ്പമുള്ളത്.
ആലപ്പുഴ നോർത്ത് സൗത്ത് സ്റ്റേഷനുകളിലെ പൊലീസുകാരാണ് സുരക്ഷ സംഘത്തിൽ ഉള്ളത്. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ മുൻ കരുതലിനാണ് കൂടുതൽ ഉദ്യോഗസ്ഥരെന്നാണ് വിവരം.
അതേസമയം, ഡോ ഹാരിസിൻ്റെ വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തെങ്കിലും പ്രത്യേകിച്ച് പറയാനുണ്ടെങ്കിൽ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]