കോട്ടയം: കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ അഖിൽ സി വര്‍ഗീസ് നടത്തിയ മൂന്ന് കോടിയുടെ തട്ടിപ്പ് കണ്ടെത്തി തടയുന്നതിൽ ലോക്കൽ സെൽഫ് ഓഡിറ്റ് വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. അന്വേഷണത്തിന് തുടക്കമിട്ട തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗവും കോട്ടയം വെസ്റ്റ് പൊലീസും നഗരസഭ സെക്രട്ടറിയിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചു. ഒളിവിലുള്ള അഖിലിനായി സ്വദേശമായ കൊല്ലത്തുൾപ്പെടെ പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘമാണ് നഗരസഭ ഓഫീസിലെത്തി വിവരങ്ങൾ ശേശരിച്ചത്. നഗരഭയുടെ പണമിടപാട് രേഖകളുൾപ്പെടെ പൊലീസ് പരിശോധിച്ചു. അഖിൽ കൈകാര്യം ചെയ്ത കംപ്യൂട്ടറുകളുൾപ്പെടെ വരും ദിവസങ്ങളിൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും. 2020 മുതൽ കഴിഞ്ഞ മാസം വരെ പ്രതി അഖിൽ സി വർഗീസ് കോട്ടയത്തെ പെൻഷൻ അക്കൗണ്ട് ഇടപാടുകളിൽ ഇടപെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.
പത്ത് മാസങ്ങൾക്ക് മുമ്പ് വൈക്കം നഗരസഭയിലേക്ക് ഇയാൾ സ്ഥലം മാറി പോയിട്ടും കോട്ടയത്തേക്ക് പുതുതായി വന്ന ജീവനക്കാരുടെ പരിചയക്കുറവ് മുതലെടുത്ത് ഇയാൾ തട്ടിപ്പ് തുടര്‍ന്നെന്നാണ് നിഗമനം. ഈ ഇടപാടുകളിൽ സംശയം തോന്നിയതോടെയാണ് ജീവനക്കാർ നഗരസഭ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നഗരസഭയുടെ പെൻഷൻ കൈപ്പറ്റിയിരുന്ന ശ്യാമള എന്ന് പേരുള്ള സ്ത്രീയുടെ പെൻഷൻ തുകയാണ് അതേ പേരുള്ള സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് അഖിൽ നിക്ഷേപിച്ചത്.
പെൻഷന് അർഹയായിരുന്ന ശ്യാമള മരിച്ച വിവരം ഇയാൾ നഗരസഭ രേഖകളിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നും ഇതിനാലാണ് തട്ടിപ്പ് അറിയാതെ ഇരുന്നതെന്നും നഗരസഭ വിശദീകരിക്കുന്നു. നേരത്തെ കൊല്ലം കോർപ്പറേഷനിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ട വ്യക്തിയാണ് അഖിൽ. ഈ പശ്ചാത്തലമുള്ളയാളെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന നിർണായ തസ്തികയിൽ വീണ്ടും ഇരുത്തിയതിന് പിന്നിൽ രാഷ്ട്രീയ – ഉദ്യോഗസ്ഥ പിന്തുണയുണ്ടെന്ന ആരോപണം ശക്തമാണ്.
അതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഗരസഭ അധ്യക്ഷ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലര്‍മാര്‍ അധ്യക്ഷയുടെ ഓഫീസ് ഉപരോധിച്ചു. നിലവിൽ അഖിൽ ജോലി ചെയ്യുന്ന വൈക്കം നഗരസഭയിലും സമാനമായ രീതിയിൽ ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വൈക്കം നഗരസഭാ അധികൃതര്‍ ഓഡിറ്റ് വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ട്.
അന്വേഷണംഉത്സവത്തിന്റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]