പാരീസ്: പാരീസ് ഒളിംപിക്സിൽ പുരുഷ താരമെന്ന് ആരോപണം നേരിട്ട അൾജീരിയൻ ബോക്സർ ഇമാനെ ഖലീഫിന് സ്വർണം. വനിതകളുടെ 66 കിലോ ബോക്സിംഗിലാണ് ഇമാൻ സ്വർണമണിഞ്ഞത്. ഫൈനലിൽ ചൈനീസ് താരം യാങ് ലിയുവിനെ തകർത്താണ് ഇമാനെയുടെ നേട്ടം. ഇമാനെ ഖലീഫ് പുരുഷ ബോക്സറെന്ന വിമർശനവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കം രംഗത്തെത്തിയിരുന്നു.
പ്രീ ക്വാർട്ടറിൽ ഇറ്റലിയുടെ ഏഞ്ചെല കാരിനി, മത്സരം തുടങ്ങി 46 സെക്കൻഡായപ്പോഴേക്കും പിന്മാറിയതായിരുന്നു വിവാദത്തിന്റെ തുടക്കം. കഴിഞ്ഞ വർഷം ദില്ലിയിൽ നടന്ന അന്താരാഷ്ട്ര ചാംപ്യൻഷിപ്പിൽനിന്നും ഇമാനെയെ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ പുറത്താക്കിയിരുന്നു. സമാന കാരണത്താൽ തായ്വാന്റെ ലിൻ യു ടിങ്ങും അസോസിയേഷന്റെ വിലക്ക് നേരിടുന്നുണ്ട്. എന്നാൽ പാരിസിൽ മത്സരിക്കാൻ ഇരുവർക്കും ഒളിംപിക് കമ്മിറ്റി അനുമതി നൽകുകയായിരുന്നു.
വനിതാ ബോക്സിംഗില്‍ സ്വര്‍ണം നേടുന്ന ആദ്യ അൾജീരിയൻ താരവും 1996നുശേഷം അൾജീരിയക്കായി ബോക്സിംഗ് സ്വര്‍ണം നേടുന്ന ആദ്യ താരവുമാണ് ഇമാനെ ഖലീഫ്. ആരോപണങ്ങൾക്ക് ബോക്സിങ് റിംഗിൽ മറുപടി നൽകുമെന്നായിരുന്നു ഇമാനെയുടെ പ്രതികരണം. മറ്റേതൊരു സ്ത്രീയെയും പോലും താനുമൊരു സ്ത്രീ ആണെന്നായിരുന്നു സ്വര്‍ണം നേടിയശേഷം ഇമാനെയുടെ പ്രതികരണം. ഞാനൊരു സ്ത്രീ ആയാണ് ജനിച്ചത്. സ്ത്രീ ആയാണ് ജീവിക്കുന്നത്. ഇവിടെ മത്സരിച്ചതും സ്ത്രീ ആയാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നും ഇമാനെ പറഞ്ഞു.
അനാവവശ്യ വിവാദമുണ്ടാക്കുന്നവര്‍ വിജയത്തിന്റെ ശത്രുക്കളാണ്. അതാണ് അവരെ വിളിക്കാനുള്ളത്. ഇത്രയും വിമര്‍ശനങ്ങള്‍ക്കിടയിലും വിജയം നേടാനായത് ഇരട്ടിമധുരം നല്‍കുന്നുവെന്നും ഇമാനെ പറഞ്ഞു. മെഡല്‍ നേട്ടത്തോടെ തന്നെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമാനെ പ്രതികരിച്ചു. വിമര്‍ശനങ്ങളെ ഇടിച്ചിട്ട് ഒടുവില്‍ സ്വര്‍ണം നേടിയെങ്കിലും ഇമാനെ ഉയര്‍ത്തിയ ഇടിക്കൂട്ടിലെ വിവാദം പെട്ടെന്ന് അടങ്ങുമെന്ന് പ്രതീക്ഷിക്കാനാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]