
ദുബായ്: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ വിസ്മയ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. 21-ാം സ്ഥാനത്തു നിന്നാണ് ഗില്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ നേടിയ മൂന്ന് സെഞ്ച്വറികളാണ് ഗില്ലിനെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിച്ചത്. അതേസമയം, ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ മറികടന്ന് സഹതാരം ഹാരി ബ്രൂക് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി.
എഡ്ജ്ബാസ്റ്റൻ ടെസ്റ്റിലെ സെഞ്ച്വറിയാണ് ബ്രൂക്കിനെ ഒന്നാം റാങ്കിൽ എത്തിച്ചത്. റാങ്കിംഗിൽ ബ്രൂക്കിനെക്കാൾ 79 പോയന്റ് പിന്നിലാണ് ഗിൽ ഇപ്പോള്‍.
ജോ റൂട്ട്, കെയ്ൻ വില്യംസൺ, യശസ്വി ജയ്സ്വാൾ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് റാങ്കിംഗിൽ രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസറ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയെങ്കിലും റിഷഭ് പന്ത് ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാം സ്ഥാനത്തായി.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്താണ് റാങ്കിംഗില്‍ നേട്ടം കൊയ്ത മറ്റൊരു താരം. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും നേടിയ സ്മിത്ത് പതിനാറ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പത്താം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം.
സിംബാബ്വെക്കെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം വിയാന്‍ മുള്‍ഡര്‍ 34 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 22-ാം സ്ഥാനത്താണ്. ബൗളർമാരിൽ ജസ്പ്രീത് ബുമ്ര ഒന്നാം റാങ്ക് നിലനിർത്തി.
കാഗിസോ റബാഡയും പാറ്റ് കമ്മിൻസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രവീന്ദ്ര ജഡേജ പതിനാലും ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ മുഹമ്മദ് സിറാജ് ഇരുപതിരണ്ടാം സ്ഥാനത്തുമാണ്.
എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ 10 വിക്കറ്റുമായി തിളങ്ങിയ ഇന്ത്യയുടെ ആകാശ് ദീപ് 39 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 45-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ അഞ്ച് സ്ഥാനങ്ങള്‍ നഷ്ടമാക്കി 58ാം സ്ഥാനത്തേക്ക് വീണു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]