
കണ്ണൂർ: ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ നിലപാട് തള്ളി കെ സുധാകരൻ. സർക്കാറിനെ കുറ്റപ്പെടുത്താനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കടകവിരുദ്ധമായാണ് കെ സുധാകരൻ്റെ പ്രതികരണം.
വിഷയം ലഘൂകരിക്കുന്ന ടൂറിസം മന്ത്രിയുടെ പ്രതികരണം ഉചിതമല്ലെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിലാണ് സുധാകരൻ്റെ പ്രതികരണം.
വിവാദ വ്ലോഗറെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു. അനാവശ്യ കാര്യങ്ങളിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഇല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഈ പരാമർശത്തിനെതിരെയാണ് സുധാകരൻ രംഗത്തെത്തിയത്. അതേസമയം, ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ കൊണ്ടുവന്ന പിആർ ഏജൻസിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
എന്ത് നടപടിക്രമം പാലിച്ചാണ് ഇത്തരം എജൻസികളുമായി ധാരണയിൽ എത്തുന്നതെന്ന് സർക്കാർ വിശദീകരിക്കണം. ആ ഏജൻസിയെ സർക്കാർ പരിപാടികൾ ഏൽപിക്കുന്നത് അവസാനിപ്പിക്കുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
രാജ്യവിരുദ്ധ പ്രവൃത്തി ചെയ്യുന്നവരെ ക്ഷണിച്ചു കൊണ്ടുവന്ന് പ്രൊമോഷൻ നടത്തിപ്പിച്ചത് കേരള ടൂറിസമാണെന്ന് മുരളീധരൻ ആരോപിച്ചു. അവർ അതിന് ഉത്തരം പറയണം.
ഒഴിഞ്ഞുമാറാനും ഒളിച്ചോടാനും വന്ദേഭാരത് യാത്രയെ ഉപയോഗിക്കുകയാണ് സിപിഎം നേതൃത്വത്തിലുള്ള സർക്കാരെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ടൂറിസം മന്ത്രിക്ക് ക്ലീൻ ചിറ്റ് കൊടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ അത്ഭുതം ഇല്ലെന്നും മുരളീധരൻ പറഞ്ഞു.
രാജ്യദ്രോഹ വിഷയങ്ങളിൽ കോൺഗ്രസ് സമീപനം ജനം കാണുന്നതാണ്. ടൂറിസം വകുപ്പിനായി പ്രൊമോഷൻ ചെയ്യുന്ന ഏജൻസിയെ വിലക്കണമെന്ന ആവശ്യമെങ്കിലും പ്രതിപക്ഷത്തിനുണ്ടോ എന്നും വി മുരളീധരൻ ചോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]