
മികച്ച പ്രേക്ഷക പ്രശംസ നേടുകയാണ് ‘ദി ഹണ്ട്’(The Hunt: The Rajiv Gandhi Assassination Case) എന്ന ത്രില്ലർ സീരീസ്. രാജീവ് ഗാന്ധി വധക്കേസും തുടർന്നുള്ള അന്വേഷണവും പ്രമേയമാക്കി ഒരുങ്ങിയ സീരീസ് ഏഴ് എപ്പിസോഡുകളിലായാണ് പുറത്തിറങ്ങിയത്.
നാഗേഷ് കുകുനൂർ ആണ് സംവിധാനം. മികച്ച ദൃശ്യവിരുന്നൊരുക്കിയ സീരീസിൽ രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന പ്രതിയായിരുന്ന ശിവരശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളിയായ ഷഫീഖ് മുസ്തഫ ആണ്.
ഒഡിഷൻ വഴിയായിരുന്നു പാലക്കാട് സ്വദേശിയായ ഷഫീഖ് ‘ദി ഹണ്ടി’ൽ എത്തുന്നത്. ശിവരശനിലേക്കുള്ള തൻ്റെ യാത്രയെക്കുറിച്ചും അതിനെടുത്ത തയ്യാറെടുപ്പിനെക്കുറിച്ചും തുറന്നു പറയുകയാണ് ഷഫീഖ് മുസ്തഫ ഇപ്പോൾ.
ഏഷ്യാനെറ്റ് ന്യൂസബിളിനോട് ആയിരുന്നു നടന്റെ പ്രതികരണം. മുംബൈയിലെ ഒരു സുഹൃത്ത് വഴിയാണ് താൻ ‘ദി ഹണ്ടിലേക്ക്’ എത്തിയതെന്ന് ഷഫീഖ് മുസ്തഫ പറയുന്നു.
“അവനാണ് എന്റെ പേര് സീരീസിന്റെ അണിയറ പ്രവർത്തകരോട് പറയുന്നത്. പിന്നാലെ എന്നെ ഷോർട്ട്ലിസ്റ്റും ചെയ്തു.
ഒരു സെൽഫ് ഇൻട്രോയും ഏതെങ്കിലും രംഗം അഭിനയിച്ചു കൊണ്ടുള്ള വീഡിയോയും അയക്കാനാണ് പ്രൊഡക്ഷൻ ഹൗസ് ആവശ്യപ്പെട്ടത്. ശേഷം മുംബൈയിലേക്ക് ലുക്ക് ടെസ്റ്റിനായി വിളിപ്പിച്ചു.
ഒടുവിൽ ശിവരശൻ എന്നിലേക്ക് എത്തുകയായിരുന്നു”, എന്ന് ഷഫീഖ് പറയുന്നു. സീരീസിലേക്ക് സെലക്ട് ആയതു മുതൽ വെറും 20 ദിവസം മാത്രമാണ് തയ്യാറെടുപ്പുകൾക്കായി തനിക്ക് ലഭിച്ചതെന്നും അതിനകം തന്നെ ശരീരഭാരം വർദ്ധിപ്പിക്കാൻ അണിയറപ്രവർത്തകർ ആവശ്യപ്പെട്ടുവെന്നും നടൻ പറയുന്നു.
“20 ദിവസത്തിനുള്ളിൽ 4-5 കിലോയാണ് ഞാൻ വർദ്ധിച്ചത്. എൽ.ടി.ടി.യും ശിവരശനനുമായി ബന്ധപ്പെട്ട
ധാരാളം ഡോക്യുമെൻ്ററികളും വാർത്താ ക്ലിപ്പിംഗുകളും അഭിമുഖങ്ങളും കണ്ടു. കഥാപാത്രത്തെ കൂടുതൽ അടുത്തറിയാനായി വായന ശീലമുള്ള എൻ്റെ കുറച്ച് സുഹൃത്തുക്കളോടും ശിവരശനെ കുറിച്ച് അന്വേഷിച്ചിരുന്നു,” എന്നും ഷഫീഖ് പറഞ്ഞു.
കഥാപാത്രത്തിലേക്ക് പ്രവേശിക്കുന്നതും ശ്രീലങ്കൻ തമിഴ് സംസാരിക്കാൻ പഠിക്കുന്നതും ഒരുപോലെ വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. “പുസ്തകങ്ങൾ വായിക്കുന്നതിനുപകരം, ഭാഷ മനസ്സിലാക്കാൻ ധാരാളം അഭിമുഖങ്ങളാണ് ഞാൻ കണ്ടത്.
ഷൂട്ടിങ് വേളയിൽ സഹായിക്കാനായി രാജാ കറുപ്പുസ്വാമി എന്ന പരിശീലകനും ഉണ്ടായിരുന്നു. ഉറക്കമൊഴിച്ചാണ് ഓരോ സംഭാഷണങ്ങളും പഠിച്ചെടുത്തത്”, എന്ന് ഷഫീഖ് ഓർക്കുന്നു.
നാഗേഷ് കുക്കുനൂർ, ബോളിവുഡ് തുടങ്ങിയ പേരിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് ആദ്യം ഭയമായിരുന്നുവെന്നും ഷഫീഖ് പറയുന്നുണ്ട്. ഒരു നടൻ്റെ പ്രകടനത്തെ സംവിധായകൻ പുകഴ്ത്തുന്നത് ശരിക്കും പ്രചോദനമാണ്.
ക്ലൈമാക്സ് രംഗം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സംവിധായകൻ തന്നെ അഭിനന്ദിച്ചുവെന്നും അത് വലിയ അനുഭവമായിരുന്നുവെന്നും ഷഫീഖ് കൂട്ടിച്ചേർത്തു. ചെറുപ്പം മുതലേ സിനിമ സ്വപ്നം കണ്ടിരുന്ന ആളായിരുന്നു ഷഫീഖ് മുസ്തഫ.
സ്കൂളിൽ പഠിക്കുമ്പോൾ അഞ്ചാം ക്ലാസ് മുതൽ നാടകരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം സുഹൃത്തുക്കളോടൊപ്പം മ്യൂസിക് വീഡിയോകളും ഷോർട്ട് ഫിലിമുകളും ചെയ്തു. ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി നിരവധി മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു.
സച്ചി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം അയ്യപ്പനും കോശിയിലും ഷഫീഖ് ചെറിയൊരു വേഷത്തിലെത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]