
കണ്ണൂർ: കണ്ണൂരിൽ ആറ് മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് ഇരുപത് കോടിയിലധികം രൂപ. സിറ്റി പൊലീസ് പരിധിയിൽ മാത്രം എഴുപത് കേസുകൾ രജിസ്റ്റർ ചെയ്തു. വടക്കേ ഇന്ത്യൻ സംഘങ്ങൾ മാത്രമല്ല, മലയാളികളും സൈബറിടത്തിൽ പണം തട്ടിപ്പിന് വല വിരിക്കുന്നുവെന്ന് പൊലീസ് പറയുന്നു.
പാർട്ട് ടൈം ജോലിയും വായ്പയും വാഗ്ദാനം ചെയ്തും വലിയ തട്ടിപ്പുകളുണ്ട്. ഓൺലൈൻ ട്രേഡിങ് ആപ്പുകളിൽ വീണുപോകുന്നവരാണ് അധികവും. കണ്ണൂർ സ്വദേശിയിൽ നിന്ന് ഇങ്ങനെ ഒരു കോടി എട്ട് ലക്ഷം തട്ടിയ കേസിൽ അറസ്റ്റിലായത് നാല് മലയാളികളാണ്. താമരശ്ശേരി,പേരാമ്പ്ര സ്വദേശികളാണ് ഇവരെല്ലാം. പരസ്യങ്ങളിലൂടെ വലയിലാക്കി സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ ചേർത്ത്,അധികലാഭം വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന്റെ രീതി.
ലഹരി വസ്തുക്കൾ നിങ്ങളുടെ പേരിലെത്തിയെന്ന് കള്ളം പറഞ്ഞ്, കേസാകുമെന്ന് ഭീഷണിപ്പെടുത്തി, അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് ഇരകളെ വലയിലാക്കുന്നവരുമുണ്ട്. ഒറ്റ ക്ലിക്കിൽ പണം പോകും. തട്ടിപ്പുകൾക്ക് ഇരകളെ കണ്ടെത്തുന്നതും പല രീതിയിലാണ്. ഈ വർഷം മാത്രം കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ ഏഴ് പേരാണ് ഓൺലൈൻ തട്ടിപ്പ് കേസുകളിൽ അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ വിവരം അറിയിക്കാൻ മറക്കരുതെന്ന് സൈബർ പൊലീസ് പറയുന്നു.
Last Updated Jul 10, 2024, 1:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]