
തിരുവല്ല: മതിയായ അനുമതി വാങ്ങാതെ മണിപ്പൂരിൽ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ചെന്നു കണ്ടെത്തൽ. തിരുവല്ല സത്യം മിനിസ്ട്രീസ് എന്ന സ്ഥാപനത്തിൽ താമസിപ്പിച്ചിരുന്ന 28 കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. നടത്തിപ്പുകാർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും ശിശു ക്ഷേമ സമിതി വ്യക്തമാക്കി.
രണ്ട് മാസം മുൻപാണ് തിരുവല്ല കവിയൂരിലെ സ്ഥാപനം 56 കുട്ടികളെ മണിപ്പൂരിൽ നിന്ന് കൊണ്ടുവന്നത്. തുടർ വിദ്യാഭ്യാസത്തിനായി തിരുവല്ലയിലെ ഒരു സ്കൂളിൽ ഇവരെ ചേർത്തു. എന്നാൽ ബാലാവകാശ കമ്മീഷന്റെ അടക്കം മതിയായ അനുമതി വാങ്ങാതെയാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന പരാതി ജില്ലാ പൊലീസ് മേധാവിക്ക് കിട്ടി. രഹസ്യന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച് റിപ്പോർട്ട് എസ്പിക്ക് നൽകി. തുടർ നടപടിക്ക് ശിശു ക്ഷേമ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അങ്ങനെയാണ് നിയമ ലംഘനം ബോധ്യമായത്. സ്ഥാപനത്തിൽ താമസിപ്പിച്ചിരുന്ന കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്ത് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.
തിരുവല്ല സത്യം മിനിസ്ട്രീസ് സ്ഥാപനത്തിൽ 56 കുട്ടികളാണ് ആദ്യം ഉണ്ടായിരുന്നത്. പരാതിയും പരിശോധനയും തുടങ്ങിയതോടെ കുറച്ച് കുട്ടികളെ നടത്തിപ്പുകാർ മണിപ്പൂരിലേക്ക് തിരികെ അയച്ചെന്നാണ് വിവരം. നിലവിൽ 19 ആൺകുട്ടികളും 9 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. തുടർ നിയമ നടപടിക്കായി സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും ശിശു ക്ഷേമ സമിതി അറിയിച്ചു.
Last Updated Jul 9, 2024, 7:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]