
പ്രചാരണച്ചൂടിൽ നിലമ്പൂർ; വോട്ടു തേടി മന്ത്രിപ്പട, കച്ചമുറുക്കി യുഡിഎഫും: ‘വെൽഫെയറി’ൽ കൊമ്പുകോർത്ത് നേതാക്കൾ
നിലമ്പൂർ ∙ വൈകിട്ടോടെ പെയ്ത ചെറുമഴയ്ക്ക് ചെറുകുളിർ പോലും നൽകാനാകാത്ത ഉപതിരഞ്ഞെടുപ്പു പ്രചാരണച്ചൂടിൽ നിലമ്പൂർ. പത്തു ദിവസം മാത്രമകലെ വോട്ടെടുപ്പു നടക്കാനിരിക്കെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കാനുളള ശ്രമത്തിലായിരുന്നു ചൊവ്വാഴ്ച പ്രധാന സ്ഥാനാർഥികൾ.
വരുംദിനങ്ങളിൽ മഴ കനക്കാനിടയുണ്ടെന്ന കാലാവസ്ഥാ സൂചനകൾക്കിടെ പ്രചാരണച്ചൂടൊഴിയാതെ പരമാവധി വോട്ടർമാരെ നേരിൽ കണ്ടുതന്നെ വോട്ടു തേടാനുള്ള ശ്രമത്തിലായിരുന്നു പ്രധാന സ്ഥാനാർഥികൾ.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പെൻഷൻ വിവാദം എന്നിവയ്ക്കു പിന്നാലെ അനന്തു എന്ന വിദ്യാർഥി ഷോക്കേറ്റു മരിക്കാനിടയായ സാഹചര്യം തുടങ്ങിയവയായിരുന്നു ഇതുവരെയുള്ള പ്രചാരണത്തിലെ ചൂടേറിയ വിഷയങ്ങളെങ്കിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടി യുഡിഎഫിനു പ്രഖ്യാപിച്ച പിന്തുണയായിരുന്നു ചൊവ്വാഴ്ച പ്രചാരണവേദികളിൽ പ്രധാനമായും ഉയർന്നുകേട്ടത്.
നിലമ്പൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് വഴിക്കടവ് പഞ്ചായത്തിലെ
മുണ്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ. ചിത്രം: മനോരമ
വർഗീയ ശക്തികളുമായി ചേർന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് ആരോപണമുയർത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പിന്നിട്ട
രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ഉണ്ടായ വർഗീയ കൂട്ടുകെട്ട് നിലമ്പൂരിലും ആവർത്തിക്കുകയാണെന്നും കുറ്റപ്പെടുത്തി. സിപിഎമ്മിന് പിന്തുണ കൊടുക്കുമ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടിയാകുകയും യുഡിഎഫിനെ പിന്തുണയ്ക്കുമ്പോൾ വർഗീയ പാർട്ടിയാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്റെതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇതിനു മറുപടി നൽകിയത്.
നിലമ്പൂരിൽ ബിജെപി മത്സര രംഗത്തുള്ള സൂചന പോലുമില്ല. ദുർബല സ്ഥാനാർഥിയെ ബിജെപി രംഗത്തിറക്കിയത് സിപിഎമ്മുമായി ധാരണയായെന്ന സൂചനയാണ്.
വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന് ലഭിച്ചതിൽ ആരോപണവുമായി വരുന്ന എൽഡിഎഫിന് പിഡിപി പിന്തുണ കിട്ടിയതിൽ പരിഭവം ഇല്ലാത്തതെന്തുകൊണ്ടെന്നും വി.ഡി.സതീശൻ ചോദിച്ചു. പുറത്തുനിന്ന് ആരു പിന്തുണ പ്രഖ്യാപിച്ചാലും അത് അവരുടേതായ കാരണങ്ങളാലാണ്.
അതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ, പോത്തുകല്ല് പഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്യാൻ മുണ്ടേരിയിലെത്തിയ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഷൗക്കത്തിനെ ചേർത്തുപിടിച്ചപ്പോൾ. പി.വി.അബ്ദുൽ വഹാബ് എംപി, പി.കെ.ബഷീർ എംഎൽഎ, എ.പി.അനിൽ കുമാർ എംഎൽഎ, അൻവർ സാദത്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവർ സമീപം.
പിഡിപി പിന്തുണ സ്വീകരിച്ചതിൽ തെറ്റില്ലെന്നും തെറ്റായ മുൻ നിലപാട് തിരുത്തിയ ആളാണ് പിഡിപി നേതാവ് മഅദനിയെന്നുമായിരുന്നു ഇതേക്കുറിച്ച് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ മറുപടി.
മതനിരപേക്ഷ സമൂഹം ശക്തിപ്പെടാനുള്ള ധാർമിക പിന്തുണയായിവേണം പിഡിപിയുടെ പിന്തുണയെ കാണാനെന്നും അദ്ദേഹം വിശദീകരിച്ചു. ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ചൊവ്വാഴ്ച പ്രചാരണം കേന്ദ്രീകരിച്ചത്.
പ്രചാരണപരിപാടികളുടെ തുടക്കത്തിൽ അസാന്നിധ്യത്തിൽ എതിർപക്ഷം ചർച്ചയാക്കിയ മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ഇന്ന് ചുങ്കത്തറയിലെ വിവിധ പ്രചാരണപരിപാടികളിൽ പങ്കെടുത്തു. നിലമ്പൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, മൂത്തേടം പഞ്ചായത്തിലെ മരംവെട്ടിച്ചാലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ .ചിത്രം: മനോരമ
മുത്തേടം പഞ്ചായത്തിലാണ് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് ചൊവ്വാഴ്ച പ്രചാരണം നടത്തിയത.് ചന്തക്കുന്നിലേക്ക് എൻഡിഎ തിരഞ്ഞെടുപ്പ് കേന്ദ്രം മാറ്റി വരുംദിനങ്ങളിൽ കൂടുതൽ സജീവമായി പ്രചാരണങ്ങളിൽ ഇടപെടാനാണ് എൻഡിഎ നീക്കം.
മണ്ഡലത്തിൽ ഉടനീളം പ്രചാരണ അനൗൺസ്മെന്റുകളുമായി പോകുന്ന വാഹനങ്ങളിൽ ആശയങ്ങളുയർത്തുന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചുള്ള പ്രചാരണ നീക്കത്തിലാണ് സ്വതന്ത്ര സ്ഥാനാർഥിയും നിലമ്പൂരിലെ മുൻ എംഎൽഎയുമായ പി.വി.അൻവറിന്റെ ക്യാംപ് ശ്രദ്ധപതിപ്പിക്കുന്നത്.
∙ സ്വരാജിന്റെ ഒന്നാം ഘട്ട
പ്രചാരണത്തിന് സമാപനം; നിലമ്പൂരിൽ ഇറങ്ങി മന്ത്രിപ്പട ഉപതിരഞ്ഞെടുപ്പിലെ ഇടതുസ്ഥാനാർഥി സിപിഎമ്മിലെ എം.സ്വരാജിന്റെ ഒന്നാം ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കും.
ആറു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റി മേഖലയുമാണ് ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി സ്വരാജ് പ്രചാരണം നടത്തിയത്.
ചുങ്കത്തറ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു ചൊവ്വാഴ്ച പ്രധാനമായും എൽഡിഎഫ് പ്രചാരണം. എൽഡിഎഫിന്റെ പത്തോളം മന്ത്രിമാരാണ് പ്രചാരണത്തിനായി നിലമ്പൂരിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നിലമ്പൂരിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിനു പ്രവർത്തകർ നൽകിയ സ്വീകരണം.
വി.ശിവൻകുട്ടി, വി.എൻ.വാസവൻ, പി.രാജീവ്, റോഷി അഗസ്റ്റിൻ, കെ.ബി.ഗണേഷ് കുമാർ, പി.പ്രസാദ് ഉൾപ്പെടെ വിവിധ എൽഡിഎഫ് ഘടകകക്ഷികളിലെ മന്ത്രിമാരായിരുന്നു ചൊവ്വാഴ്ച പ്രചാരണരംഗത്തിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മലപ്പുറത്തുണ്ടായിരുന്ന ദിനത്തിൽ മലപ്പുറത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും നിലമ്പൂർ തന്നെയായിരുന്നു പ്രധാന വിഷയം.
നിലമ്പൂരിൽ സ്വരാജിന് നല്ല ജയസാധ്യതയുണ്ടെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ വിലയിരുത്തൽ. മതസംഘടനകളെ കൂട്ടുപിടിച്ച് വോട്ടുറപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അൻവർ നേടുന്ന വോട്ടുകൾ യുഡിഎഫിന്റെതാകുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കുന്നത് ശക്തമായ രാഷ്ട്രീയപോരാട്ടമെന്ന പ്രതീതിയുണ്ടാക്കിയെന്നും പ്രവർത്തകർക്കിടയിൽ ഇതുണ്ടാക്കിയ ആവേശം കൂടുതൽ വോട്ടുകൾക്കുള്ള സാഹചര്യം ജനിപ്പിച്ചതായും സെക്രട്ടേറിയറ്റിൽ വിലയിരത്തലുണ്ടായെന്നാണ് സൂചന. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു യുഡിഎഫ് നടത്തിയ റോഡ്ഷോയിൽ സ്ഥാനാർഥി ആര്യടൻ ഷൗക്കത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
എംഎൽഎമാരായ പി.അബ്ദുൽ ഹമീദ്, എ.പി.അനിൽ കുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ സമീപം.
ചിത്രം: മനോരമ
∙ കച്ചമുറുക്കി യുഡിഎഫും; പ്രചാരണം ഏകോപിപ്പിച്ച് വി.ഡി.സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും
ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച നിലമ്പൂരിൽ അരയും തലയും മുറുക്കി യുഡിഎഫ് നേതൃത്വവും സജീവമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങി യുഡിഎഫ് നേതാക്കളുടെ നീണ്ടനിരയും നിലമ്പൂരിലെത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]