ചെന്നൈ: വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെടുന്ന ‘നീയാ നാന’ എന്ന ടോക് ഷോയിൽ കഴിഞ്ഞ ആഴ്ച ‘സിനിമാ വിമർശകർ വേഴ്സസ് സിനിമാ പ്രേക്ഷകർ’ എന്ന വിഷയത്തിൽ നടന്ന ചർച്ച കോളിവുഡില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ചർച്ചയിൽ യൂട്യൂബിലൂടെ സിനിമാ റിവ്യൂ നടത്തുന്ന പലര്‍ക്കും നടന്മാരും നിര്‍മ്മാതാക്കളും പോസിറ്റീവ് അവലോകനങ്ങൾ നൽകാൻ പണം നല്‍കാറുണ്ട് എന്ന് വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമാ നിർമാതാവ് ധനഞ്ജയൻ. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പണം വാങ്ങി റിവ്യൂകള്‍ വരുന്ന കാര്യം ഇദ്ദേഹം സ്ഥിരീകരിച്ചു. ‘നീയാ നാന’യിൽ പറഞ്ഞത് സത്യമാണ്. സിനിമ റിവ്യൂകള്‍ ചെയ്യാന്‍ പലരും പണം ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ചെറിയ ബജറ്റ് സിനിമകള്‍ ഇത്തരം കാര്യത്തില്‍ നിന്നും രക്ഷപ്പെടാറുണ്ട്. ഇത്തരം ചിത്രങ്ങളെ ആരും വിമർശിക്കാത്തതിന്റെ പ്രധാന കാരണം. ഒന്നാമതായി, ഇത്തരം ചെറിയ സിനിമകൾ കാണാൻ വിമർശകർക്ക് സമയമില്ല എന്നതാണ്. സമയം ചെലവഴിച്ച് കണ്ടാലും, ആ സിനിമയെക്കുറിച്ച് സംസാരിച്ചാല്‍ അത്തരം വീഡിയോകൾക്ക് വ്യൂസ് ലഭിക്കില്ല. അതിനാൽ ചെറിയ ബജറ്റ് സിനിമകളെ ആരും ശ്രദ്ധിക്കാറില്ല, ധനഞ്ജയൻ വ്യക്തമാക്കി.

നിലവിൽ തമിഴ് സിനിമാ വ്യവസായം വ്യത്യസ്തമായ ഒരു ദിശയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഒരു സിനിമ വിജയിക്കണമെങ്കിൽ, യൂട്യൂബിൽ മുൻനിരയിലുള്ള ചിലര്‍ ആ സിനിമയുടെ പേര്

പറയണമെന്ന് നിർമാതാക്കൾ തന്നെ ആഗ്രഹിക്കുന്നു. ഇതിന്റെ ഫലമായി, ചില യൂട്യൂബർമാർക്ക് പണം നൽകേണ്ട ഗതികേടിലാണ് നിർമാതാക്കൾ. ചില യൂട്യൂബര്‍മാര്‍ ഒരു സിനിമയെ റിവ്യൂ ചെയ്യാൻ 15,000 മുതൽ 25,000 രൂപ വരെ ആവശ്യപ്പെടുന്നുണ്ട്’ അദ്ദേഹം വെളിപ്പെടുത്തി.

എന്നാൽ, യൂട്യൂബ് റിവ്യൂ ചെയ്യുന്ന തമിഴ് ടാക്കീസിലെ ബ്ലൂ സട്ടൈ മാരൻ ഇതില്‍ അപവാദമാണെന്ന് ധനഞ്ജയൻ പറഞ്ഞു. ‘നിര്‍മ്മാതാക്കള്‍ പണം വാഗ്ദാനം ചെയ്താലും മാരൻ അത് സ്വീകരിക്കില്ല. പണം നൽകാമെന്ന് പറഞ്ഞ് ആരും അദ്ദേഹത്തിന്റെ അടുത്തേക്ക് പോലും ചെല്ലാൻ മടിക്കും. അദ്ദേഹത്തിനെതിരെ എനിക്ക് പല വിമർശനങ്ങളും ഉണ്ട്. പക്ഷേ, പണം വാങ്ങുന്ന കാര്യത്തിൽ അദ്ദേഹം ഒരു മാന്യനാണ്. വലിയ സിനിമയോ ചെറിയ സിനിമയോ ആകട്ടെ, അദ്ദേഹം തന്റെ വിമർശനം സത്യസന്ധമായി അവതരിപ്പിക്കുന്നു. ഒരു റിവ്യൂര്‍ ഇങ്ങനെയാണ് ആയിരിക്കേണ്ടത്,’ ധനഞ്ജയൻ പ്രശംസിച്ചു.

എന്നാൽ, ഇപ്പോൾ ‘റിവ്യൂ ചെയ്യുന്നവര്‍’ എന്ന പേര് കിട്ടിയ ഭൂരിഭാഗം പേരും എല്ലാം പണത്തിന്റെ കണ്ണിലൂടെയാണ് കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘ചെറിയ സിനിമകൾക്ക് പണം വാങ്ങി അവർ പ്രശംസിക്കുന്നു. വലിയ സിനിമകൾക്ക് പണം നൽകിയില്ലെങ്കിൽ, ആ സിനിമ മോശമാണെന്ന് പറയുന്നു. ഇവർ ശരിക്കും സിനിമയോട് ഒറ്റുകൊടുക്കുകയാണ്. സിനിമകളെ റിവ്യൂ ചെയ്താണ് അവർ വലിയ യൂട്യൂബർമാരായി വളര്‍ന്നത്. പക്ഷേ, സിനിമയ്ക്ക് സത്യസന്ധമായ റിവ്യൂ നൽകാൻ ചിലർ തയ്യാറാകുന്നില്ല,’ ധനഞ്ജയൻ കുറ്റപ്പെടുത്തി.

തമിഴ് സിനിമയിലെ റിവ്യൂ സംസ്കാരത്തിന്റെ ഈ അവസ്ഥ, കോളിവുഡിന്റെ ആരോഗ്യകരമായ വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ഈ അഭിമുഖം വ്യക്തമാക്കുന്നത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]