
ദില്ലി: മൂന്നാം മോദി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി സ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി എൻസിപി അജിത് പവാർ പക്ഷം. ബിജെപിയോട് പിണക്കമില്ലെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. ഇന്നലെ വൈകിയാണ് മന്ത്രിസഭയുടെ ഭാഗമാകണമെന്ന നിർദേശം ലഭിച്ചത്. കാബിനറ്റ് മന്ത്രിപദത്തിൽ നിന്നും സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകുന്നതല്ലെന്നും പ്രഫുൽ പട്ടേൽ പ്രതികരിച്ചു.
ഇരു പാർട്ടികൾക്കിടയിലുമുണ്ടായ ആശയകുഴപ്പമാണിത്. കുറച്ച് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. അതേസമയം, മൂന്നാം മോദി സർക്കാരിന്റെ സത്യ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് അജിത് പവാർ പ്രതികരിച്ചു. കാബിനറ്റ് പദവി എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും കുറച്ചു ദിവസം കാത്തിരിക്കാമെന്നും ബിജെപിയെ അറിയിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകുന്നതല്ല എന്നും അജിത് പവാർ പറഞ്ഞു.
കാബിനറ്റ് മന്ത്രി സ്ഥാനം നൽകാൻ ബിജെപി തയ്യാറാകാത്തതിൽ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയിൽ ചേരാനില്ലെന്ന് എൻസിപി വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മൂന്നാം മോദി മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് വിവരം. പാർട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻസിപി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 നാണ് തുടങ്ങുക. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച്ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്.
Last Updated Jun 9, 2024, 6:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]