
‘പൊലീസും എക്സൈസും ഇടപെടുന്നതു പോലെയാകില്ല; ലഹരി പിടിച്ചാൽ ഊരിപ്പോരാം എന്ന് കരുതേണ്ട’; മുന്നറിയിപ്പുമായി എൻസിബി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ‘‘പൊലീസും ഇടപെടുന്നതു പോലെയാവില്ല. കുറഞ്ഞ അളവേ ഉള്ളൂ, ഊരിപ്പോരാം എന്നൊന്നും കരുതുകയും വേണ്ട, ചെയ്യേണ്ടത് ഞങ്ങൾ ചെയ്തുകൊള്ളാം, നിങ്ങൾ സഹകരിച്ചാൽ മതി’’- മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത സിനിമ സംഘടന ഭാരവാഹികളോട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ (എൻസിബി) നൽകിയ മുന്നറിയിപ്പാണിത്. രാജ്യവ്യാപകമായി തന്നെ സിനിമ മേഖലയിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച് കടുത്ത നടപടികളിലേക്ക് പോവുകയാണെന്നും മലയാള സിനിമ മേഖലയിലും തങ്ങളുടെ ഇടപെടലുണ്ടാവുമെന്നും യോഗത്തിൽ എൻസിബി വ്യക്തമാക്കിയതായി സിനിമ, കേന്ദ്ര ഏജൻസി വൃത്തങ്ങൾ വെളിപ്പെടുത്തി. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ചേംബർ, മാക്ട സംഘടനകളുടെ ഭാരവാഹികളാണ് കേന്ദ്ര ഏജൻസിയുടെ ഡപ്യൂട്ടി ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്.
ലഹരി ഉപയോഗം സംബന്ധിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് എൻസിബി ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. ഒരു സെലിബ്രിറ്റി ലഹരി ഉപയോഗിച്ചു എന്നത് പുറത്തു വരുമ്പോൾ അത് കുറഞ്ഞത് 100 പേരെയെങ്കിലും സ്വാധീനിക്കുന്നുണ്ട്. സിനിമ മേഖലയിൽ ഉള്ളവര് ലഹരിയൊക്കെ യഥേഷ്ടം ഉപയോഗിക്കുന്നു, അവിടെ ഒരു പ്രശ്നവുമില്ല എന്നാണ് മറ്റുള്ളവർ കരുതുന്നത്. എന്നാൽ ഇതിന് മാറ്റം വരുത്താനുള്ള നടപടികൾ ഉടൻ ഉണ്ടാവും. അതിന്റെ പ്രതിഫലനം മലയാള സിനിമയിലും ഉണ്ടാവും. അതുകൊണ്ട് എത്രയും വേഗം ഇതിനു മാറ്റമുണ്ടാക്കാൻ നിർദേശിക്കുക, ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അവര്ക്ക് ലഹരിമുക്തി ചികിത്സ ഏർപ്പാടു ചെയ്യാം. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം ഉണ്ടാകില്ലെന്ന് സംഘടനകൾ ഉറപ്പു വരുത്തണമെന്ന കാര്യവും എൻസിബി മുന്നോട്ടു വച്ചു.
സിനിമ മേഖലയുമായി ലഹരി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എൻസിബി ഭാരവാഹികളെ അറിയിച്ചു. എക്സൈസും ഡാൻസാഫും പിടികൂടിയ സിനിമ പ്രവർത്തകർ ഉൾപ്പെട്ട ലഹരി കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ വാക്കുകൾ. എക്സൈസും പൊലീസും പിടിക്കുന്നതു പോലെ ആവില്ല തങ്ങൾ കേസെടുത്താൽ എന്നും എത്ര ചെറിയ അളവിൽ ലഹരി പിടിച്ചാലും പ്രത്യാഘാതം ശക്തമായിരിക്കുമെന്നും ഉദ്യോഗസ്ഥർ ഭാരവാഹികളെ അറിയിച്ചു. അതുകൊണ്ട് തങ്ങൾ ഇടപെടുന്ന സാഹചര്യം ഒഴിവാക്കാൻ സിനിമ സംഘടനകളുടെ ഭാരവാഹികൾ സഹകരിക്കണം. തങ്ങൾ ഇടപെട്ട് കേസൊക്കെ ആയാൽ അത് മലയാള ചലച്ചിത്ര മേഖലയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ചേക്കാമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.
ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം നൽകാൻ ഷൂട്ടിങ് സെറ്റുകളിൽ എൻസിബിയുടെ നമ്പർ പ്രദർശിപ്പിക്കണമെന്ന കാര്യവും യോഗത്തിൽ ചർച്ചയായി. സിനിമ സെറ്റുകളിൽ നിന്ന് ലഹരി ഉപയോഗം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഭാരവാഹികൾ യോഗത്തിൽ വ്യക്തമാക്കി. നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും വിശദീകരിച്ചു. നേരത്തേ ലഹരി ഉപയോഗം തടയുന്നതിനുള്ള നടപടികൾ സംബന്ധിച്ച് ഫെഫ്ക എക്സൈസുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എല്ലാ സംഘടനകളുടേയും ഭാരവാഹികളെ എൻസിബിയും കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചത്. അമ്മയെ പ്രതിനിധീകരിച്ച് അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ ജയൻ ചേർത്തല, അൻസിബ ഹസൻ, ഫെഫ്കയെ പ്രതിനിധീകരിച്ച് സിബി മലയിൽ, സോഹൻ സീനുലാൽ, നിർമാതാക്കളുടെ സംഘടനാ പ്രതിനിധിയായി അനിൽ തോമസ്, ചേംബർ പ്രതിനിധി മമ്മി സെഞ്ച്വറി, മാക്ടയ്ക്ക് വേണ്ടി കോളിൻസ് ലിയോഫിൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം.