
ഇന്ത്യയുടെ തിരിച്ചടിയിൽ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരരും കൊല്ലപ്പെട്ടു; സംസ്കാരത്തിന് പാക്ക് സൈനികരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് സൈനികവൃത്തങ്ങൾ. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. മുദാസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരെയാണ് സൈന്യം വധിച്ചത്.
ലഷ്കറെ തയിബ പ്രവർത്തകനായ മുദാസ്സർ ഖാദിയാൻ ഖാസിന്റെ (മുദാസ്സർ, അബു ജുണ്ടാൽ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു) സംസ്കാരത്തിന് ജമാഅത്തുദ്ദ അവ പ്രവർത്തകനും ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായ ഹാഫിസ് അബ്ദുൽ റൗഫാണ് നേതൃത്വം നൽകിയത്. പാക്കിസ്ഥാൻ സൈന്യത്തിലെ ഒരു ലഫ്റ്റനന്റ് ജനറലും പാക്ക് പഞ്ചാബ് പൊലീസ് ഐജിയും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ഹാഫിസ് മുഹമ്മദ് ജമീൽ, അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭർത്താവാണ് മുഹമ്മദ് യൂസുഫ് അസ്ഹർ. ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേരുകളിലും മുഹമ്മദ് യൂസുഫ് അസ്ഹർ അറിയപ്പെട്ടിരുന്നു. കാണ്ഡഹാർ വിമാന റാഞ്ചൽ കേസില് ഇന്ത്യ തേടുന്ന ഭീകരൻ കൂടിയായിരുന്നു ഇയാൾ.
അബു ആകാഷ എന്നറിയപ്പെടുന്ന ഖാലിദ്, ലഷ്കറെ തയിബ പ്രവർത്തകനാണ്. ജമ്മുകശ്മീരിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിലും അഫ്ഗാനിസ്ഥാനിലേക്കുള്ള ആയുധക്കള്ളക്കടത്തിലും ഇയാൾക്കു പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ഫൈസലാബാദിൽ നടന്ന ഇയാളുടെ സംസ്കാരച്ചടങ്ങിലും പാക്കിസ്ഥാൻ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡപ്യൂട്ടി കമ്മിഷണറും പങ്കെടുത്തിരുന്നു.
ജയ്ഷെ മുഹമ്മദ് പ്രവർത്തകനാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹസ്സൻ ഖാൻ. പാക്ക് അധിനിവേശ കശ്മീരിലെ ജയ്ഷെ മുഹമ്മദിന്റെ ഓപറേഷനൽ കമാൻഡർ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണ് ഇയാൾ. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.