
മുംബൈ: ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ടൂര്‍ണെന്റ് പുനരാരംഭിക്കുമ്പോള്‍ വീണ്ടും നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ടൂര്‍ണമെന്റ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ഒരാഴ്ചക്കുശേഷം ടൂര്‍ണമെന്റ് വീണ്ടും തുടങ്ങാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിസിസിഐ ഇപ്പോള്‍.
വ്യാഴാഴ്ച ഹിമാചലിലെ ധരംശാലയില്‍ പഞ്ചാബ്-ഡല്‍ഹി പോരാട്ടത്തില്‍ പഞ്ചാബിന്റെ ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത പഞ്ചാബ് 10.1 ഓവറില്‍ 122-1 എന്ന മികച്ച നിലയിലായിരുന്നു അപ്പോള്‍. 28 പന്തില്‍ 50 റണ്‍സുമായി പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിമ്രാന് സിംഗായിരുന്നു ക്രീസില്‍. 34 പന്തില്‍ 70 റണ്‍സടിച്ച ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ ടി നടരാജന് പുറത്താക്കിയതിന് പിന്നാലെയായിരുന്നു മത്സരം നിര്‍ത്തിവെച്ചത്.
എന്നാല്‍ ഈ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചതായി ഐപിഎല്‍ രേഖപ്പെടുത്തിയിട്ടില്ല. ഇരു ടീമുകള്‍ക്കും പോയന്റ് പങ്കിട്ടു നല്‍കിയിട്ടുമില്ല. ആദ്യ ഏഴ് ടീമുകള്‍ക്കും ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുള്ളതിനാല്‍ മത്സരം ഉപേക്ഷിക്കുന്നത് ടീമുകളുടെ മുന്നേറ്റത്തെ ബാധിക്കുമെന്നതിനാലാണ് പഞ്ചാബ്-ഡല്‍ഹി പോരാട്ടം വീണ്ടും നടത്തുന്നത്. പോയന്റ് പട്ടികയില്‍ 11 കളിയില്‍ 15 പോയന്റുമായി പഞ്ചാബ് മൂന്നാമതും 11 കളികളില്‍ 13 പോയന്റുമായി ഡല്‍ഹി അഞ്ചാമതുമാണ്
ഈ സാഹചര്യത്തില്‍ അടുത്ത ആഴ്ച ലീഗ് പുനരാരംഭിക്കുമ്പോള്‍ പഞ്ചാബ്-ഡല്‍ഹി പോരാട്ടം വീണ്ടും നടത്തുമെന്നാണ് സൂചന. സുരക്ഷ ആശങ്ക കണക്കിലെടുത്ത് വിദേശതാരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചുവെങ്കിലും ഒരാഴ്ചക്കുള്ളില്‍ ലീഗ് തുടങ്ങുമെന്നും കളിക്കാര്‍ തയാറായി ഇരിക്കണമെന്നും ബിസിസിഐ ടീം ഉടമകളോട് വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് ഒരാഴ്ചക്കുള്ളില്‍ പുനരാരംഭിക്കുകയാണെങ്കില്‍ മത്സരവേദികള്‍ സംഘര്‍ഷ സാധ്യത കുറഞ്ഞ തെക്കേ ഇന്ത്യയിലേക്ക് മാറ്റുന്നതും ബിസിസിഐയുടെ പരിഗണനയിലാണ്. ചെന്നൈ, ബെംഗളൂരു, വിശാഖപട്ടണം, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ വേദികളിലായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാര്യമാണ് ബിസിസിഐ ഇപ്പോള്‍ പരിഗണിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും വിദേശതാരങ്ങള്‍ക്ക് ബിസിസിഐ ഉറപ്പു നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]