
ഭുവനേശ്വര്‍: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ എന്ത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എല്ലാത്തരം അവധികളും റദ്ദാക്കുന്നതായി എയിംസ് ഭുവനേശ്വര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യാഗസ്ഥരുടെയും അവധികള്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ഭൂവനേശ്വര്‍ എയിംസും അതേ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
‘നിലവിലെ സവിശേഷ സാഹചര്യത്തില്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മെഡിക്കല്‍ കാരണങ്ങളാല്‍ അല്ലാതെ ഒരു ജീവനക്കാര്‍ക്കും അവധികള്‍ ഉണ്ടായിരിക്കുന്നതല്ല. സ്റ്റേഷന് ലീവുകളും അനുവദിക്കില്ല. ഇതിനകം അനുവദിച്ചിട്ടുള്ള എല്ലാ അവധികളും ഇതിനൊപ്പം റദ്ദാക്കുകയുമാണ്. അവധിയിലുള്ള എല്ലാ ജീവനക്കാരോടും ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഫാക്കല്‍റ്റി അംഗങ്ങളും മറ്റ് സ്റ്റാഫും അവധിയിലുള്ള ഉദ്യോഗസ്ഥരും ഉടന്‍ തന്നെ അടിയന്തിരമായി ഡ്യൂട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഓഫീസ് ഉത്തരവ് അനുസരിച്ചാണ് ഈ നടപടികളെന്നും’- ജീവനക്കാര്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ എയിംസ് ഭുവനേശ്വര്‍ പറയുന്നു.
രാജ്യത്ത് യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യ മന്ത്രി ജെ പി നദ്ദ വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് ആരോഗ്യ മേഖലയിലെ തയ്യാറെടുപ്പുകളെ കുറിച്ച് വിലയിരുത്തിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യ മന്ത്രാലയം പൂര്‍ണ സജ്ജമാണ് എന്നാണ് റിപ്പോര്‍ട്ട്. ആവശ്യമരുന്നുകള്‍, ബെഡുകള്‍, ഐസിയു സൗകര്യങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, രക്ത ശേഖരം, മൊബൈല്‍ ട്രോമ കെയര്‍ യൂണിറ്റുകള്‍, ഓക്സിജന്‍, ട്രോമ കെയര്‍ കിറ്റുകള്‍ തുടങ്ങിയ മതിയായ സൗകര്യങ്ങള്‍ ഇതിനകം രാജ്യത്ത് തയ്യാറാക്കിക്കഴിഞ്ഞു. മരുന്നുകളും രക്തവും ഓക്സിജനും ട്രോമ കിറ്റുകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു അടിയന്തിര സാഹചര്യം വന്നാല്‍ വിന്യസിക്കാന്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘത്തെ എയിംഗ് ദില്ലി അടക്കമുള്ള കേന്ദ്ര ആശുപത്രികള്‍ തയ്യാറാക്കിക്കഴിഞ്ഞു. സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളും, സായുധ സേനകളും, ഡോക്ടര്‍മാരുടെയും റീജിയനല്‍ സംഘടനകളും, സ്വകാര്യ ആശുപത്രികളും, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്യൂട്ടുകളും സഹകരിച്ചാവും പ്രവര്‍ത്തിക്കുക. ഇതിനകം ദേശവ്യാപകമായി മോക്ക് ഡ്രില്‍ പൂര്‍ത്തിയാക്കിയതും ഒരുക്കങ്ങളുടെ ഭാഗമാണ്. അവശ്യ സാഹചര്യം വന്നാല്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിക്കാന്‍ യുദ്ധസന്നാഹ ഒരുക്കമാണ് ആരോഗ്യ മന്ത്രാലയം നടത്തുന്നത്. അതിര്‍ത്തിയിലെ പാക് പ്രകോപനം മന്ത്രാലയവും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]