
ദില്ലി : അതിർത്തി സംസ്ഥാനമായ ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം. ഇന്നലെ രാത്രി മുതൽ ആരംഭിച്ച പാക് ഡ്രോൺ ആക്രമണവും ഷെല്ലിംഗും ഇന്ന് രാവിലെയും തുടരുകയാണ്. ജമ്മുവിൽ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ ഇടങ്ങൾ ലക്ഷ്യമിട്ടാണ് പാക് ആക്രമണം. ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ശ്രമം ഇന്ത്യൻ സേന ഫലപ്രദമായി തകർത്തു. ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിലയ്ക്കാത്ത സ്ഫോടന ശബ്ദങ്ങളാണ് ഉയരുന്നതെന്നാണ് ജമ്മുവിലുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ആർകെ വിനോദ് റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായി ഡ്രോൺ ആക്രമണങ്ങളുണ്ടായതോടെ സൈറണുകൾ മുഴങ്ങി.
ജമ്മുകശ്മീരിന് പുറമേ അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പാക് ആക്രമണങ്ങളുണ്ടായി. ജലന്ധറിലും ഡ്രോണുകൾ കണ്ടതിനാൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്.
ദില്ലി വിമാനത്താവളത്തിൽ സമയമാറ്റം
പാകിസ്ഥാന്റെ തുടർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി വിമാനത്താവളത്തിൽ ഫ്ലൈറ്റ് സമയക്രമങ്ങളിൽ മാറ്റം വന്നേക്കും. യാത്രക്കാരോട് ഫ്ലൈറ്റ് ഷെഡ്യൂളുകൾ നിരന്തരമായി പരിശോധിച്ച ശേഷം മാത്രം വിമാനത്താവളങ്ങളിൽ എത്താൻ അധികൃതർ നിർദേശം നൽകി. കൂടുതൽ വിമാനത്താവളങ്ങൾ അടച്ച സാഹചര്യത്തിലാണ് നിർദ്ദേശം, രാജ്യത്ത് ഇന്ന് 32 വിമാനത്താവളങ്ങളും ഇത് വഴിയുള്ള വ്യോമപാതയുമാണ് അടച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]