
പഹൽഗാമിൽ നുഴഞ്ഞു കയറിയ ഭീകരർ 26 നിരായുധരായ മനുഷ്യരെ വെടിവച്ച് കൊലപ്പെടുത്തിയതിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ പ്രകോപനം ശക്തമാക്കിയിരിക്കുകയാണ്. യുദ്ധം ഒഴിവാക്കണമെന്ന അഭ്യർത്ഥനയാണ് പൊതുവേ മുന്നോട്ട് വയ്ക്കുന്നതെങ്കിലും പാകിസ്ഥാന് അനുകൂലമായി നിലപാടാണ് ചൈന മുന്നോട്ട് വച്ചിട്ടുള്ളത്. പാകിസ്ഥാന്റെ എറ്റവും വലിയ ആയുധ ദാതാവാണ് ചൈന. 2020 മുതൽ 2024 വരെ ലഭ്യമായ കണക്കനുസരിച്ച് ആകെ പ്രതിരോധ വിപണിയുടെ 81 ശതമാനവും ചൈനയിൽ നിന്നുള്ള ആയുധ ഇറക്കുമതിയാണ്. സമീപ വർഷങ്ങളിൽ ചൈനയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച ആയുധ കരാറുകളിൽ നിന്ന് ലഭ്യമായ വിവരമനുസരിച്ച് പാകിസ്ഥാന്റെ പക്കലുള്ള പ്രധാന ചൈനീസ് ആയുധങ്ങളെക്കുറിച്ച് അറിയാം.
അന്തർവാഹിനികൾ
എട്ട് ടൈപ്പ് 041 അന്തർവാഹിനികൾക്കായി അഞ്ച് ബില്യൺ ഡോളറിന്റെ കരാർ. ഒപ്പിട്ടത് 2015 ൽ
ഫ്രിഗേറ്റുകൾ
നാല് ടൈപ്പ് 054 / P ഫ്രിഗേറ്റുകൾക്കായി ചൈനയും പാകിസ്ഥാനും കരാറൊപ്പിടുന്നത് 2018ൽ. ആകെ മൂല്യം 1.4 ബില്യൺ ഡോളർ
പോർ വിമാനങ്ങൾ
ജെ 10 സി ഇ പാകിസ്ഥാനായി മാത്രം ചൈന മാറ്റങ്ങൾ വരുത്തി നൽകിയ വിമാനം. നാറ്റോ റിപ്പോർട്ടിംഗ് പേര് ഫയർബേർഡ്. ഒരൊറ്റ എഞ്ചിനുള്ള വിമാനം. വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പാകിസ്ഥാൻ ജെ 10 സി വിമാനങ്ങൾ വാങ്ങുന്നത് 2021 ൽ. ആദ്യം വാങ്ങിയത് 25 എണ്ണം, 11 എണ്ണം കൂടി വാങ്ങാനുള്ള ഉപാധിയോടെയായിരുന്നു ആ കരാർ. അങ്ങനെ ആകെ 36 വിമാനങ്ങൾ. രണ്ട് ബില്യൺ ഡോളറിന്റെ കരാറെന്നാണ് ലഭ്യമായ വിവരം. ആദ്യ വിമാനങ്ങൾ 2022 മാർച്ച് നാലിന് പാക് വ്യോമസേനയുടെ ഭാഗമായി. 2024 ജനുവരിയിൽ ഇറാനിനകത്ത് ബലോച് വിഘടനവാദികൾക്കെതിരെ പ്രത്യാക്രമണം നടത്താൻ പാകിസ്ഥാൻ ഉപയോഗിച്ചത് ഈ വിമാനങ്ങളാണ്.
ജെ എഫ് 17 തണ്ടർ
ജോയിന്റെ ഫൈറ്റർ എന്നതിന്റെ ചുരുക്കെഴുത്താണ് ജെ എഫ്. ഒരു ചൈന പാക് സംയുക്ത സംരംഭമാണ് ഈ നാലാം തലമുറ പോർവിമാനം. പാകിസ്ഥാൻ എയറോനോട്ടിക്കൽ കോംപ്ലക്സും ചെങ്കുഡു എയർക്രാഫ്റ്റ് കോർപ്പറേഷനും ചേർന്ന് രൂപകൽപ്പന ചെയ്തുവെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്. പക്ഷേ ചൈനയുടേതാണ് സുപ്രധാന സാങ്കേതിക വിദ്യകളെല്ലാം. 161 വിമാനങ്ങളാണ് പാക് വ്യോമസേനയ്ക്ക് ലഭിച്ചത്. ഇതിൽ 156 എണ്ണം സർവ്വീസിലുണ്ടെന്നാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് മുമ്പ് ലഭ്യമായ വിവരം. 27 എണ്ണത്തിന് കൂടി പാക് വ്യോമസേന ഓർഡർ നൽകിയിട്ടുണ്ട്, ഭോലാരി, മസ്രൂർ, മുൻഹാസ്, മുഷഫ്, പെശാവർ, റാഫിഖി , സാമുൻഗിലി ബേസുകളിലാണ് പാക് വ്യോമസേന ഇവയെ വിന്യസിച്ചിട്ടുള്ളത്.
വിംഗ് ലൂങ്ങ് ടു ഡ്രോമുകൾ
കരാറൊപ്പിട്ടത് 2018ൽ. 48 യൂണിറ്റുകൾക്കായി 300 മില്യൺ ഡോളർ പാകിസ്ഥാൻ ചൈനയ്ക്ക് നൽകിയെന്നാണ് റിപ്പോർട്ട്.
എച്ച് ക്യൂ 9, മിസൈൽ സിസ്റ്റം
റഷ്യയുടെ എസ് 300 മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിന്ന് ചൈന പരിഷ്കരിച്ചെടുത്ത എച്ച് ക്യൂ 9 സംവിധാനം. പാക് വ്യോമ പ്രതിരോധത്തിന്റെ ഭാരം വഹിക്കുന്നത് എച്ച് ക്യൂ 9 ആണ്. 2021 മുതൽ പാക് സൈന്യത്തിന്റെ ഭാഗമെന്നാണ് റിപ്പോർട്ട്.
പി എൽ 15 മിസൈൽ സിസ്റ്റം
പോർവിമാനങ്ങളിൽ ഘടിപ്പിക്കുന്ത് ദീർഘ ദൂര എയർ ടു എയർ മിസൈൽ. ചൈനയ്ക്ക് പുറമേ ഉപയോഗിക്കുന്നത് പാകിസ്ഥാൻ മാത്രം. റഡാർ സീക്കർ സാങ്കേതിക വിദ്യയുണ്ടെന്നാണ് ലഭ്യമായ വിവരം.
സീ 10 ഹെലികോപ്റ്ററുകൾ
തുർക്കിമായുള്ള ഹെലികോപ്റ്റർ കരാർ നടക്കാതെ വന്നപ്പോൾ പാകിസ്ഥാന് ഗത്യന്തരമില്ലാതെ വാങ്ങേണ്ടി വന്ന ചൈനീസ് കോപ്റ്ററുകൾ. എത്രയെണ്ണമാണ് ഇപ്പോൾ സർവ്വീസിലുള്ളതെന്നതിൽ വ്യകതയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]