
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുന്നു. ഇന്ന് രാത്രി വീണ്ടും പ്രകോപനം തുടർന്ന പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യൻ സേന. നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോൺ ആക്രമണം വരെയെത്തി പാക് പ്രകോപനം. ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യൻ സേന തകർത്തു.
എന്നാൽ ഫിറോസ്പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.
അതേസമയം ഇന്ത്യ – പാകിസ്ഥാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനിലെത്തിയത്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കാണ് ആദ്യം സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈർ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ദില്ലിയിലെത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുകൾക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലായിരുന്നു അൽ ജുബൈറിന്റെ ഇന്ത്യ സന്ദർശനം. രാവിലെ സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈറുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്രമങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ നിലപാട് പങ്കുവെച്ചെന്നും പറഞ്ഞ് എസ് ജയ്ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സാധാരണയായി വിദേശരാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യയിലെത്തുമ്പോൾ മുൻകൂട്ടി അറിയിക്കാറുണ്ട്. സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്താനാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ, സൗദി മന്ത്രി മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]