
പാക്കിസ്ഥാന് ഐഎംഎഫ് സഹായം; ആദ്യഗഡുവായ 100 കോടി ഡോളർ പണമായി നൽകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂയോർക്ക് / ന്യൂഡൽഹി ∙ പാക്കിസ്ഥാനുള്ള 700 കോടി ഡോളറിന്റെ ധനസഹായപദ്ധതിക്ക് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) എക്സിക്യൂട്ടീവ് ബോർഡ് അംഗീകാരം നൽകി. ആദ്യഗഡുവായ 100 കോടി ഡോളർ പണമായി നൽകാൻ തീരുമാനമായെന്നു പാക്കിസ്ഥാൻ അറിയിച്ചു. പണം ഭീകരപ്രവർത്തനത്തിനായി ദുരുപയോഗം ചെയ്തേക്കുമെന്നു ചൂണ്ടിക്കാട്ടി ധനസഹായം നൽകുന്നതിനെ ബോർഡ് യോഗത്തിൽ ഇന്ത്യ എതിർത്തു. എന്നാൽ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ എതിർത്തത്. ധനസഹായം ഭീകരതയ്ക്കായി വഴിമാറ്റിയാൽ ഫണ്ട് നൽകുന്ന ഏജൻസികളുടെ പ്രതിഛായയ്ക്കും കോട്ടമുണ്ടാകാമെന്ന് ഇന്ത്യ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തികകാര്യങ്ങളിൽ സൈന്യത്തിന്റെ ഇടപെടൽ പാക്കിസ്ഥാനു വലിയ ഭീഷണിയാണ്. സിവിലിയൻ സർക്കാരാണു ഭരിക്കുന്നതെങ്കിലും ആഭ്യന്തര രാഷ്ട്രീയത്തിൽ സൈന്യം വലിയ തോതിൽ ഇടപെടുന്നുണ്ടെന്നും ഇന്ത്യ വാദിച്ചു.
വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്ന നടപടിയെ കോൺഗ്രസ് വിമർശിച്ചു. പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടിനുപകരം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നത് ഭീരുത്വം നിറഞ്ഞ നടപടിയായിപ്പോയെന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.