
9:55 AM IST:
പൂഞ്ച് ഭീകരാക്രമണത്തില്‍ തെരച്ചിൽ അവസാനിച്ചതായി സൈന്യം. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ആയുധങ്ങൾ ഉൾപ്പെടെ പിടികൂടി
9:54 AM IST:
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് പ്രദേശത്ത് വിറക് ശേഖരിക്കാൻ എത്തിയ നാട്ടുകാരാണ് അസ്ഥികൂടം കണ്ടത്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി അസ്ഥികൂടം കസ്റ്റഡിയിലെടുത്തു.
9:54 AM IST:
കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് ധർമ്മരാജ് രസാലം അടക്കം നാലു പേരെ പ്രതികളാക്കികൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി.ബിഷപ് ധർമ്മരാജ് രസാലത്തിന് പുറമെ, കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് അബ്രഹാം, സഭാ മുൻ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്.
9:53 AM IST:
കൊച്ചി അമ്പലമുഗൾ ബി പി സി എല്ലിലെ എൽ പി ജി ബോട്ടിലിങ് പ്ലാന്റിൽ ഡ്രൈവർമാർ പണിമുടക്കുന്നു. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്.
9:53 AM IST:
ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട് വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9 നാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്
8:37 AM IST:
പദ്മ അവാർഡുകളുടെ രണ്ടാം ഘട്ട വിതരണം ഇന്ന്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ജേതാക്കൾക്ക് പുരസ്കാരം നൽകും. 66 പേർ ഇന്ന് പദ്മ പുരസ്കാരം ഏറ്റുവാങ്ങും. തെലുങ്ക് നടൻ ചിരഞ്ജീവി, നർത്തകി വൈജയന്തിമാല എന്നിവർക്ക് പത്മവിഭൂഷൺ സമ്മാനിക്കും. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകും. ബിജെപി നേതാവ് ഒ.രാജഗോപാലിനും പത്മഭൂഷൺ സമ്മാനിക്കും. അശ്വതി തിരുന്നാൾ ഗൗരി ലക്ഷമി ഭായ്, മുനി നാരായണ പ്രസാദ്, സത്യനാരായണ ബലേരി തുടങ്ങിയവരാണ് പദ്മശ്രീ ഏറ്റുവാങ്ങുന്നത്. വിദ്യാഭ്യാസ പ്രവർത്തകൻ പി.ചിത്രൻ നന്പൂതിരിപ്പാടിന് മരണാനന്തര ബഹുമതിയായും പത്മശ്രീ സമ്മാനിക്കും.
8:37 AM IST:
കണ്ണൂർ അയ്യൻകുന്നിലെ പറമ്പിൽ ആന ചരിഞ്ഞത് അണുബാധയെ തുടർന്നെന്ന് പ്രാഥമിക നിഗമനം. മരണകാരണം വിഷാംശമാണോ എന്നറിയാൻ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കും.പോസ്റ്റ്മോർട്ടം ചെയ്ത ആനയുടെ ജഡം ഇന്ന് സംസ്കരിക്കും. രണ്ട് വയസ്സ് പ്രായമുള്ള കൊമ്പന്റെ ജഡമാണ് ഇന്നലെ അയ്യൻകുന്നിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കണ്ടെത്തിയത്.
8:36 AM IST:
പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വർഗീയ പരാമർശം മോദി നടത്തിയെന്നും അതിനാൽ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സമാനമായ ഹർജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു
8:36 AM IST:
എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം കേൾക്കാനായി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് കേസുകൾ നീണ്ടു പോയതിനാൽ പരിഗണിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്
8:35 AM IST:
വയനാട്ടിലേത് പോലെ രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡല ചർച്ച റായ് ബറേലിയിലും സജീവം.ജയിച്ചാൽ രാഹുൽ റായ്ബറേലി ഉപേക്ഷിക്കില്ലെന്നാണ് വോട്ടർമാരിൽ ഒരു വിഭാഗം പറയുന്നത്. പ്രചാരണം ബിജെപി ശക്തമാക്കിയതോടെ രാഹുൽ മണ്ഡലത്തെ ആത്മാർത്ഥമായി സേവിക്കുമെന്ന് പ്രചാരണ റാലികളിൽ പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകുകയാണ്.
8:34 AM IST:
അദാനിക്കും അംബാനിക്കും മോദി ആനുകൂല്യം നല്കുന്നു എന്ന പ്രചാരണം തുടരാൻ കോൺഗ്രസ്. രാഹുൽ ഇതിൽ നിന്ന് പിൻമാറിയെന്ന വാദം അടിസ്ഥാനരഹിതം എന്ന് കോൺഗ്രസ്.തെളിവായി രാഹുൽ അടുത്തിടെ നടത്തിയ പ്രസംഗങ്ങൾ നല്‍കും
8:33 AM IST:
സംവിധായകൻ സംഗീത് ശിവന്റെ സംസ്കാരം ഇന്ന് മുംബൈയിൽ. ചടങ്ങുകൾ വൈകീട്ട് നാലിന് ഓഷിവാര ഹിന്ദു ശ്മശാനത്തിൽ. രാവിലെ അന്ധേരിയിലെ വീട്ടിൽ പൊതുദർശനം.
8:32 AM IST:
പാലക്കാട് കാട്ടാന ആക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിൻ്റെ സംസ്കാരം ഇന്ന്. ചടങ്ങുകൾ മലപ്പുറം പരപ്പനങ്ങാടിയിൽ രാവിലെ പത്തിന്. കണ്ണീരോടെ വിട നൽകാൻ നാട്
8:31 AM IST:
കാട്ടാനകൾ സ്ഥിരമായി ട്രെയിനിടിച്ച് ചരിയുന്ന കഞ്ചിക്കോട് പാതയിൽ രാത്രി തീവണ്ടി വേഗത കുറയ്ക്കാൻ തീരുമാനം. മണിക്കൂറിൽ 45 കിലോമീറ്റർ എന്നത് 35 ആയി കുറയ്ക്കും.
8:31 AM IST:
വയനാട്ടിലെ സുഗന്ധഗിരി മരംമുറിയിൽ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയിഞ്ച് ഓഫീസര്‍. ആരോപണം സസ്പെൻഷനിലായ റേഞ്ചർ കെ.നീതു വനംമേധാവിക്ക് നൽകിയ കത്തിൽ പരാമർശം
8:31 AM IST:
ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി പുതിയ പാർട്ടി രൂപീകരിക്കാൻ ഉറച്ച് കേരള ഘടകം. മുൻ മന്ത്രി ജോസ് തെറ്റയിലിനെ അധ്യക്ഷനാക്കും. അയോഗ്യത ഒഴിവാക്കാൻ മന്ത്രി കെ കൃഷണ്ൻകുട്ടിയും മാത്യു ടി തോമസും ഭാരവാഹിത്വം ഏറ്റെടുക്കില്ല.
8:31 AM IST:
അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച ശുപാർശകൾക്കെതിരെ സംഘടനകൾ. ശുപാർശകൾ നടപ്പായാൽ മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതം ബുദ്ധിമുട്ടിലാകുമെന്ന് ആശങ്ക. പാതകളിൽ രാത്രി യാത്രാ നിരോധനം വേണമെന്നും ജീപ്പ് സർവീസ്
നിയന്ത്രിക്കണം എന്നും ശുപാർശ
8:30 AM IST:
ഐപിഎല്ലിൽ ലക്നൗവിനെ 10 വിക്കറ്റിന് തകർത്ത് ഹൈദരാബാദ്. 166 റൺസ് വിജയലക്ഷ്യം മറികടന്നത് വെറും 10 ഓവറിൽ. ബാറ്റിംഗ് വെടിക്കെട്ടുമായി ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും. ഇന്ന് പഞ്ചാബ് ആർസിബി പോരാട്ടം
8:30 AM IST:
ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക. റഫയിൽ ആക്രമണം ശക്തമാക്കിയാൽ ആയുധവിതരണം നിർത്തുമെന്ന് ബൈഡൻ. അന്താരാഷ്ട്ര പ്രതിഷേധം തള്ളി ഇസ്രായേൽ ആക്രമണം തുടരുന്നു.ആയിരങ്ങൾ പലായനം ചെയ്തു.
8:30 AM IST:
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ യോഹാൻ മെത്രപ്പോലീത്തയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ന് തീരുമാനം. തിരുവല്ലയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് സഭ സിനഡ് ചേരും. മെത്രപ്പോലീത്തയെ ഇടിച്ച് വീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞു.
8:29 AM IST:
പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമാകുന്നു. സ്വകാര്യ കന്പനിക്ക് ചുളുവിലയ്ക്ക് കൈമാറാൻ നാഷണൽ ട്രൈബ്യൂണൽ ഉത്തരവ്. നീക്കത്തിൽ ദുരൂഹത. സർക്കാർ ബോധപൂർവം വീഴ്ച വരുത്തി എന്നും ആക്ഷേപം
8:29 AM IST:
ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ നടപടി തേടി ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.മോദി നടത്തിയ പരാമർശങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെടും. ആന്ധ്രയിൽ തകർച്ചയുടെ പടുകുഴിയിൽ നിന്ന് കോൺഗ്രസ് തിരിച്ചുവരുമെന്ന് പിസിസി അധ്യക്ഷ വൈ.എസ്.ശർമിള
8:28 AM IST:
വീടെന്ന സ്വപ്നവുമായി ജീവിച്ച തൃശൂർ പഴയന്നൂരിലേ സുരേഷിന് സ്വപ്ന സാക്ഷാത്കാരം. സഹായ ഹസ്തവുമായി എത്തിയത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട യുകെയിലെ മലയാളി കൂട്ടായ്മ. പത്തുലക്ഷം രൂപ മുടക്കി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഇന്ന്
8:28 AM IST:
പ്ലസ് ടു, വിഎച്ച്എസ് സി പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന്. പരീക്ഷ എഴുതിയത് നാലര ലക്ഷം വിദ്യാർഥികൾ. എസ്എസ്എൽസിക്ക് മികച്ച നേട്ടം കൊയ്ത മലപ്പുറം ജില്ലയില്‍ ഇത്തവണയും സീറ്റ് ക്ഷാമം. പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടേണ്ടി വരും. വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിന്.