
ദില്ലി: രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലത്തിലെ മത്സരം സംബന്ധിച്ച ചർച്ചയില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. വൈകാരിക ബന്ധമുള്ളതുകൊണ്ടാണ് രാഹുൽ റായ്ബറേലിയിൽ കൂടി മത്സരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങൾക്ക് സ്വീകാര്യമായ തുടർ നിലപാട് രാഹുൽ സ്വീകരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി തെക്കേ ഇന്ത്യയിൽ മത്സരിക്കാതിരുന്നത് എന്തുകൊണ്ടാണ്. അമേഠിയിലെ കെ.എൽ ശർമ്മ ദുർബല സ്ഥാനാർത്ഥിയല്ല. ശർമ്മയുടെ വ്യക്തി ബന്ധം മതി അമേഠിയിൽ ജയിക്കാനെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേലമയം വയനാടിനെ രാഹുൽ ഗാന്ധി വഞ്ചിച്ചെന്ന പ്രചാരണവുമായാണ് റായ്ബറേലിയിലെ ബി ജെ പി സ്ഥാനാർത്ഥിയുടെ പര്യടനം. വയനാടിനോട് രാഹുൽ ചെയ്ത ചതിക്ക് റായ്ബറേലി മറുപടി പറയുമെന്ന് ദിനേഷ് പ്രതാപ് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .രാമക്ഷേത്രം, മോദിയുടെ ഗ്യാരണ്ടികൾ തുടങ്ങിയ ആയുധങ്ങളൊക്കെ കൈയിലുണ്ടെങ്കിലും റായ്ബറേലിയിൽ ബിജെപിയുടെ പ്രചാരണ വിഷയം വയനാട് തന്നെ. റായ്ബറേലിയിൽ മത്സരിക്കുമെന്ന വിവരം വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയും വരെ മറച്ചുവച്ച രാഹുലിനെ എങ്ങനെ വിശ്വസിക്കുമെന്നാണ് സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗ് വോട്ടർമാരോട് ചോദിക്കുന്നത്. തുണി മാറുന്നത് പോലെ മണ്ഡലങ്ങൾ മാറുന്ന രാഹുൽ ഇക്കുറി റായ്ബറേലിയിൽ തോൽക്കുമെന്നും ദിനേഷ് പ്രതാപ് സിംഗ് പറയുന്നു.
രണ്ടിടങ്ങളിലും ജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തുമെന്ന ചോദ്യം കോൺഗ്രസിന് പ്രതിസന്ധിയാണ്. മണ്ഡലത്തോടുള്ള വൈകാരികത ആയുധമാക്കുന്ന കോൺഗ്രസ് ബി ജെ പി നേതാക്കൾ ഒന്നിലധികം മണ്ഡലത്തിൽ മത്സരിച്ച ചരിത്രം ചൂണ്ടിക്കാട്ടുന്നു. ലോക്സഭ തെഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ വിജയ തുടർച്ച പ്രതീക്ഷിക്കുന്ന കോൺഗ്രസിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും വിജയിക്കാനായില്ല. 5 മണ്ഡലങ്ങളിലായി ആകെ 1.4 ലക്ഷം വോട്ടുകൾ മാത്രമാണ് കിട്ടിയത്. സമാജ് വാദി പാർട്ടി 4.02 ലക്ഷം വോട്ടുകളും, ബി ജെ പി 3.81 ലക്ഷം വോട്ടുകളും നേടി. ഇത്തവണ സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം കോൺഗ്രസിന് ബോണസ് പോയിൻ്റാണ്.
Last Updated May 10, 2024, 10:40 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]