
ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്ക ചീത്തവിളിച്ചതിന് പിന്നാലെ ഐപിഎല്‍ ടീം ഉടമകളുടെ താരങ്ങളോടുള്ള സമീപനം ചര്‍ച്ചയാകുന്നു. ഷാരൂഖ് ഖാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളും തമ്മിലുള്ള ആത്മബന്ധമാണ് എല്ലാവരും കണ്ടുപഠിക്കേണ്ടതെന്ന് പറയുകയാണ് ആരാധകര്‍. ഹൈദരാബാദിനെതിരായ പത്ത് വിക്കറ്റ് തോല്‍വിയിലാണ് ടീം ഉടമ ലഖ്നൗ നായകന് കെ എല്‍ രാഹുലിനെ പരസ്യമായി ചീത്ത വിളിച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ക്രിക്കറ്റ് ലോകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു.
ഗോയങ്കയെ എതിര്‍ത്തും രാഹുലിനെ പിന്തുണച്ചും ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. വിവാദം കനക്കുന്നതിനിടെയാണ് ബോളിവുഡ് താരം ഷാരൂഖും കൊല്‍ക്കത്തയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നത്. തിരക്കുകള്‍ക്കിടയിലും ഷാറൂഖ് കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാനെത്തുന്നു. ജയത്തിലും പരാജയത്തിലും ടീമിന് പ്രചോദനമേകുന്നു. ഡ്രസിംഗ് റൂമിലെ താരങ്ങളുടെ ആഘോഷത്തിലും ഷാരൂഖ് ഉണ്ട്. താരങ്ങള്‍ക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ നല്കുന്നു. റിങ്കു സിംഗിനെ ലോകകപ്പ് ടീമില്‍ അവഗണിച്ചപ്പോള്‍ ഷാരൂഖിന്റെ യാത്രയില്‍ റിങ്കുവിനെ ഒപ്പം കൂട്ടിയത് കൈയ്യടികള്‍ നേടി.
ടീം ഉടമയെന്ന നിലയില്‍ ഷാരൂഖ പൂര്‍ണ സ്വതന്ത്രമാണ് നല്‍കുന്നതെന്ന് ടീം മാനേജ്മെന്റ് തന്നെ വ്യക്തമാക്കുന്നു. കൊല്‍ക്കത്തയുടെ ആദ്യകാല നായകനും ഇപ്പോള്‍ മെന്ററായി തിരിച്ചെത്തുകയും ചെയ്ത ഗൗതം ഗംഭീറിന്റെ വാക്കുകള്‍ ഇതിന് ഉദാഹരണം. 2014 സീസണില്‍ ഗംഭീര്‍ ആദ്യത്തെ നാല് കളിയില്‍ മൂന്നിലും ഡക്ക് ആവുകയും ഒരു മത്സരത്തില്‍ ഒരു റണ്‍ മാത്രമെടുക്കുകയും ചെയ്തു. ഈ സമയത്ത് ഗംഭീര്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറാന്‍ തയ്യാറാണെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ചു. വിവരം അറിഞ്ഞ് ഷാരൂഖ് തന്നെ വിളിച്ചെന്ന് ഗംഭീര്‍ പറയുന്നു. അത് ചെയ്യരുതെന്നും കൊല്ക്കത്തയിലുള്ളിടത്തോളം നിങ്ങള്‍ കളിക്കുമെന്ന് തനിക്ക് വാക്ക് നല്‍കണമെന്നും ഷാരൂഖ് പറഞ്ഞിരുന്നതായി ഗംഭീര്‍.
ഗംഭീറിന്റെ വാക്കുകള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. ഗോയങ്കയെ പോലുള്ളവര്‍ ബാദ്ഷായെ കണ്ട് പഠിക്കണമെന്ന് ആരാധകര്‍. ഇതിനിടെ സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സും ലഖ്നൗ തര്‍ക്കത്തില്‍ ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. ടീം ഉടമ മനോജ് ബദാലയുമായി സഞ്ജു സൗഹൃദം പങ്കിടുന്ന വീഡിയോ പങ്കുവച്ചു.
Last Updated May 9, 2024, 11:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]