
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും അതില്‍ 31 ശതമാനം സ്ത്രീ സംരംഭകരാണെന്നും വ്യവസായ കയര്‍ നിയമകാര്യ വകുപ്പ് മന്ത്രി പി. രാജീവ്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാപ്പനംകോട് പൂഴിക്കുന്ന് ബീ കീപ്പിംഗ് ഫെഡറേഷനില്‍ ആരംഭിക്കുന്ന ബീ കീപ്പിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്സി പരീക്ഷയ്ക്ക് വേണ്ടി മാത്രം ബീ കീപ്പിംഗ് പരിശീലനത്തെ കാണരുത്. തേനീച്ച വളര്‍ത്തലില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും മറ്റുള്ളവര്‍ക്ക് ജോലി കൊടുക്കാനും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കഴിയണം. പരിശീലനത്തില്‍ ചേരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കും. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. കേരളത്തില്‍ വലിയ വിപണി സാധ്യതയാണ് ഉള്ളത്.
ഖാദി ബോര്‍ഡില്‍ വൈവിധ്യവത്ക്കരണവും ആധുനികവത്ക്കരണവും സര്‍ക്കാര്‍ നടപ്പാക്കുന്നു. ഖാദിയുടെ മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ആധുനികവത്ക്കരണമാണ് നടത്തുന്നത്. ഗ്രാമവ്യവസായങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നുവെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. പരമ്പരാഗത അറിവുകളും ആധുനിക വിദ്യാഭ്യാസവും സംയോജിപ്പിച്ച് തൊഴില്‍ നൈപുണ്യരംഗത്ത് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് സർക്കാർ പ്രധാന്യം നൽകുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സുസ്ഥിരമായ ഒരു ഉപജീവനമാർഗ്ഗം കണ്ടെത്താൻ കുട്ടികളെ ഒരുക്കുകയാണ് ലക്ഷ്യം. സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും വളരെ നേരത്തെ തന്നെ ലഭ്യമാക്കി. ഒന്ന് മുതല്‍ 10-ാം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങള്‍ 16 വര്‍ഷത്തിന് ശേഷം പരിഷ്ക്കരിച്ചു.
എസ് എസ് എല്‍ സി, പ്ലസ്ടു ഫലങ്ങള്‍ നിശ്ചിത സമയത്ത് തന്നെ പ്രഖ്യാപിക്കും. ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 മാര്‍ക്കാണ് സബ്ജക്ട് മിനിമം. എട്ടാം ക്ലാസ്സിലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് സമസ്ത മേഖലകളിലും വളരെ സൂക്ഷമതയോടു കൂടി കാര്യങ്ങള്‍ നടപ്പിലാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഖാദി ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അക്കാദമിക് നിലവാരത്തിലുള്ള ബീ കീപ്പിംഗ് ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ഇതിലൂടെ ആറ് മാസത്തെ എപ്പികള്‍ച്ചര്‍ കോഴ്സാണ് പഠിതാക്കള്‍ക്ക് ലഭിക്കുന്നത്. 25 കുട്ടികള്‍ വീതമുള്ള രണ്ട് ബാച്ചുകളായാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ശാസ്ത്രീയമായ തേന്‍ ഉത്പാദനവും പ്രതിരോധശേഷിയുള്ള തേനീച്ച കോളനി പരിപാലനവും ഗവേഷണവും ഈ പരിശീലനത്തിലൂടെ സാധ്യമാകും.
ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന് മുഖ്യപ്രഭാഷണം നടത്തി. പ്രിസണ്‍സ് ആന്റ് കറക്ഷന് സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ രതീഷ്, കൗണ്‍സിലര്‍ ദീപിക, ഖാദി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]