
വാഷിംഗ്ടൺ: പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചു. ഒത്തു തീർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സര്, ദയവായി കരാർ ഉണ്ടാക്കൂ, അതിന് വേണ്ടി എന്തു ചെയ്യാനും ഞങ്ങൾ തയ്യാറാണ് എന്നാണ് മറ്റു രാജ്യങ്ങൾ പറയുന്നതെന്നും ട്രംപ് വെളിപ്പെടുത്തി. ചില വിമത റിപ്പബ്ലിക്കൻ അംഗങ്ങൾ കരാറിലെത്താനായി അമേരിക്കയുടെ പ്രതിനിധിസഭയായ കോണ്‍ഗസിനെ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ കോണ്‍ഗ്രസിനെക്കാള്‍ മികച്ച ഇടനിലക്കാരന് താനാണെന്ന് ട്രംപ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ചർച്ചകളിൽ ചൈനയടക്കമുള്ള രാജ്യങ്ങൾ സന്തുഷ്ടരാണെന്നും കോൺഗ്രസിന്റെ ചർച്ചകൾ അമേരിക്കയെ വിൽക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, എല്ലാ എതിർപ്പുകളും മുന്നറിയിപ്പുകളും കാറ്റിൽപ്പറത്തി കൊണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്കയുടെ പകരത്തീരുവ നയം നടപ്പിലായതിന് പിന്നാലെ ചൈനയും തിരിച്ചടിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ ഒറ്റയടിക്ക് 84 ശതമാനമാക്കി ഉയർത്തിയാണ് ചൈന തിരിച്ചടിച്ചത്. നാളെ മുതൽ ചൈനയിലേക്ക് പ്രവേശിക്കുന്ന യു എസ് ഉത്പന്നങ്ങളുടെ തീരുവ 34% ൽ നിന്ന് 84% ആയി ഉയരുമെന്ന് സ്റ്റേറ്റ് കൗൺസിലിന്റെ താരിഫ് കമ്മീഷൻ ഓഫീസ് പുറത്തിറക്കിയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ചൈനക്ക് മേൽ 104% താരിഫ് അമരിക്ക നടപ്പിലാക്കിയതോടെയാണ് തിരിച്ചടിക്കാൻ ചൈന തീരുമാനിച്ചത്. ഇതോടെ വ്യാപാര യുദ്ധം കനക്കുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയും ചെയ്തേക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
അമേരിക്കയുടെ പകരത്തീരുവ നയം ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് ഭീമൻ തീരുവകൾ ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ പുത്തൻ നയത്തിന്റെ എറ്റവും വലിയ ഇര ചൈനയാണ്. ചെറുത്തുനിൽപ്പിനുള്ള മറുപടിയായി അവസാന നിമിഷം കൂട്ടിച്ചേർത്ത 50 ശതമാനം നികുതി കൂടി ചേരുമ്പോൾ 104 ശതമാനം തീരുവയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച ചൈന 84 ശതമാനം നികുതി അമേരിക്കക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ലോകത്തെ എറ്റവും വലിയ കയറ്റുമതി രാജ്യവും എറ്റവും വലിയ ഇറക്കുമതി രാജ്യവും തമ്മിലുള്ള വ്യാപാരയുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]