
ഒരടയാളം പോലും ബാക്കിവയ്ക്കാതെ മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ഫേസ്ബുക്കിന്റെ സഹായം തേടി യുവതി. പിന്നെ സംഭവിച്ചത് ട്വിസ്റ്റ്.
യുഎസ്സിലെ മസാച്യുസെറ്റ്സിൽ നിന്നുള്ള യുവതിയാണ് ഏറെക്കാലമായി തന്നെയും മക്കളെയും ഉപേക്ഷിച്ച് ഷെഫായ ഭർത്താവ് മുങ്ങിയിരിക്കുകയാണ് എന്നും കണ്ടെത്താൻ സഹായിക്കണം എന്നും പറഞ്ഞ് സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിച്ചത്.
യുവതിയുടെ പോസ്റ്റിൽ പറയുന്നത് പ്രകാരം അവർ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന കാലത്താണ് ആ കുഞ്ഞിനെ ഒന്ന് കാണാൻ പോലും കാത്തുനിൽക്കാതെ ഭർത്താവ് അവരേയും ഉപേക്ഷിച്ച് മുങ്ങിയത്. പിന്നാലെ തന്നെ ഇയാൾ തന്റെ നമ്പറടക്കം മാറ്റി. യുവതി കുഞ്ഞിന് ജന്മം നൽകി. എന്നാൽ, അപ്പോഴും ഭർത്താവ് അവരെ അന്വേഷിക്കുകയോ തിരികെ വരികയോ ചെയ്തില്ല. ഇയാൾ എവിടെയാണ് എന്നതിനെ കുറിച്ച് യുവതിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് യുവതി സോഷ്യൽ മീഡിയയിൽ ഇയാളെ കണ്ടെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചത്. ചാൾസ് വിതേഴ്സ് എന്നാണ് യുവതിയുടെ ഭർത്താവിന്റെ പേര്. ആഷ്ലി മക്ഗുയർ ആണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തന്റെ ഭർത്താവ് ഒരു വർഷമായി മൂത്ത മകളെ കണ്ടിട്ടില്ല എന്നും, ഇളയ മകളെ ഒരിക്കലും കണ്ടിട്ടേ ഇല്ല എന്നും അവർ പറയുന്നു.
എന്തായാലും, യുവതിക്ക് അയാളിൽ ഇനി പ്രതീക്ഷയൊന്നും ഇല്ല. പക്ഷേ, വിവാഹമോചനം നേടിയിരുന്നു എങ്കിൽ തനിക്ക് തന്റെ ജീവിതം ജീവിക്കാമായിരുന്നു എന്നാണ് അവർ പറയുന്നത്. അയാളെ കണ്ടെത്താനാവാത്തതുകൊണ്ട് വിവാഹമോചനം നടക്കുന്നില്ല. അതിനുള്ള ഒപ്പുകൾ ഇട്ടാൽ മാത്രം മതി എന്നാണ് യുവതി പറയുന്നത്.
എന്നാൽ, ട്വിസ്റ്റ് ഇതൊന്നുമല്ല. ഒരടയാളം പോലും അവശേഷിപ്പിക്കാതെ മുങ്ങിയ ഭർത്താവിനെ സോഷ്യൽ മീഡിയ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി. അതും പോസ്റ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഡേറ്റിംഗ് ആപ്പിലാണ് പലരും ഇയാളെ കണ്ടുമുട്ടിയിരുന്നത്. നിരവധിപ്പേരാണ് ഇയാളെ ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടി എന്നും മാച്ച് ആയി എന്നും പറഞ്ഞത്.
ഏതായാലും, തന്റെ മറ്റൊരു പോസ്റ്റിൽ യുവതി പറയുന്നത് തനിക്ക് സോഷ്യൽ മീഡിയയുടെ സഹായത്തോടെ അയാളെ കണ്ടെത്താനായി എന്നും സഹായിച്ച എല്ലാവർക്കും നന്ദി എന്നുമാണ്. തനിക്ക് അയാളെ ഉപദ്രവിക്കണം എന്നൊന്നുമില്ല. ആളെവിടെയുണ്ട് എന്ന് മാത്രം അറിഞ്ഞാൽ മതി. വിവാഹമോചനം കിട്ടിക്കഴിഞ്ഞാൽ തനിക്കും തന്റെ മക്കൾക്കും തങ്ങളുടെ ജീവിതം ജീവിക്കാമല്ലോ എന്നും അവർ പറഞ്ഞു.
എന്തായാലും യുവതിയുടെ പോസ്റ്റ് സ്ത്രീകൾ ഏറ്റെടുത്ത് കഴിഞ്ഞു.
Last Updated Apr 10, 2024, 12:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]